12ാമത് ഖത്തർ ദേശീയ കായികദിനത്തോടനുബന്ധിച്ച് വിവിധ തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നു. ‘ദി ചോയ്സ് ഈസ് യുവേഴ്സ്’(തെരഞ്ഞെടുപ്പ് നിങ്ങളുടേതാണ്) എന്ന മുദ്രാവാക്യമുയർത്തിയാണ് ഇത്തവണ ദേശീയ കായിക ദിനത്തിൻ്റെ പ്രവർത്തനങ്ങൾ അരങ്ങേറുക. ദേശീയ കായിക ദിന (എൻ.എസ്.ഡി) കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഓരോ വ്യക്തി ജീവിതത്തിലും കായികരംഗത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിന് ദേശീയ കായിക ദിനം സഹായിച്ചിട്ടുണ്ടെന്ന് കായിക യുവജന മന്ത്രിയുടെ ഉപദേഷ്ടാവും എൻ.എസ്.ഡി കമ്മിറ്റി പ്രസിഡൻ്റുമായ അബ്ദുറഹ്മാൻ മുസല്ലം പറഞ്ഞു.
അതേസമയം രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന എൻ എസ് ഡി പ്രവർത്തനങ്ങൾക്ക് ചൊവ്വാഴ്ച രാവിലെ മുതൽ തുടക്കമാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പാർക്കുകൾ, ദോഹ കോർണിഷ്, കായിക മേഖലകൾ, ആസ്പയർ സോൺ, ഖത്തർ ഫൗണ്ടേഷൻ, ലുസൈൽ, അൽ ഷമാൽ, പേൾ ഐലൻഡ്, അൽ ഷിഹാനിയ, അൽ വക്ര തുടങ്ങിയ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ വിവിധ ഭാഗങ്ങളിലായി 130ഓളം പരിപാടികളാണ് ഇത്തവണ നടക്കുകയെന്ന് അബ്ദുറഹ്മാൻ മുസല്ലം അറിയിച്ചു. കൂടാതെ 100 ലധികം സ്ഥാപനങ്ങളും ദേശീയ കായികദിന പരിപാടികളിൽ പങ്കാളികളാവും.
2012 ഫെബ്രുവരിയിലാണ് ദേശീയ കായികദിനത്തിൻ്റെ ആദ്യ പതിപ്പ് അരങ്ങേറിയത്. 12 വർഷങ്ങളിലായി സമൂഹത്തിൽ കായികരംഗത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വർധിച്ചതായി അൽ-ദോസരി പറഞ്ഞു. കൂടാതെ ‘ഖത്തർ നാഷനണൽ വിഷൻ 2030’സാക്ഷാത്കരിക്കുന്നതിന് ഇത് ഏറെ കരുത്തുപകരുമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്താകെയുള്ള 2,643 കിലോമീറ്റർ കാൽനട-സൈക്ലിങ് ട്രാക്കുകൾ, ധാരാളം പാർക്കുകൾ, ബീച്ചുകൾ, ഹരിത പ്രദേശങ്ങൾ, എന്നിവ കായിക രംഗത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ ഒരു വ്യക്തിയുടെ തീരുമാനത്തിലൂടെ കമ്യൂണിറ്റി സ്പോർട്സിൻ്റെ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരുപാട് മാനങ്ങൾ ‘ദി ചോയ്സ് ഈസ് യുവേഴ്സ്’ എന്ന മുദ്രാവാക്യത്തിനുണ്ടെന്നും എൻ.എസ്.ഡി കമ്മിറ്റി ചെയർമാൻ അറിയിച്ചു.
വിട്ടുമാറാത്ത രോഗങ്ങളെ തടയാനും ആത്മവിശ്വാസം വർധിപ്പിക്കാനും മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കാനുമൊക്കെ ദേശീയ കായിക ദിനാചരണം സ്വാധീനിക്കുമെന്ന് അൽ-ദോസരി പറഞ്ഞു. കൂടാതെ ഈ വർഷത്തെ ദേശീയ കായിക ദിനത്തിനായുള്ള കായിക യുവജന മന്ത്രാലയത്തിൻ്റെ പദ്ധതി നടപ്പിലാക്കുന്നതിന് സംഭാവന നൽകിയ എല്ലാ പങ്കാളികൾക്കും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തർ സ്പോർട്സ് ഫോർ ഓൾ (ക്യു.എസ്.എഫ്.എ) ഫെഡറേഷന്റെ കലണ്ടറും പുറത്ത് വിട്ടിട്ടുണ്ട്. കലണ്ടറിൽ ഈ വർഷം മുഴുവനും 683 കായിക പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്.