യുഎഇ വൈസ് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ഫെഡറൽ കാബിനറ്റിൽ പുനഃസംഘടന പ്രഖ്യാപിച്ചു. പുതിയ മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും നിയമിച്ചതായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെ അറിയിച്ചു.
യുവജനകാര്യ സഹമന്ത്രിയായിരുന്ന ഷമ്മ ബിൻത് സുഹൈൽ ഫാരിസ് അൽ മസ്റൂയിയെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് മന്ത്രിയായി നിയമിച്ചു. യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷനിലെ (യുനെസ്കോ) യുഎഇയുടെ സ്ഥിരം പ്രതിനിധി ഖാലിദ് അൽ ഖാസിമിയെ സാംസ്കാരിക, യുവജന മന്ത്രിയായും നിയമിച്ചിട്ടുണ്ട്.
അതേസമയം യു എ ഇ കാബിനറ്റ് സെക്രട്ടറിയായിരുന്ന ജനറൽ മറിയം അൽ ഹമ്മദിയെ സഹമന്ത്രിയായി നിയമിച്ചിട്ടുണ്ട്. എല്ലാ പുതിയ വികസന സർക്കാർ നിയമനിർമ്മാണങ്ങളും പിന്തുടരുന്നതിൽ യു എ ഇ ക്യാബിനറ്റിലെ വിശിഷ്ടമായ ശ്രമങ്ങൾക്ക് മറിയം നേതൃത്വം നൽകിയിട്ടുണ്ട്. വരാനിരിക്കുന്ന കാലയളവിൽ അവരിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക്ക് ആപ്ലിക്കേഷനുകൾ എന്നിവയുടെ സഹമന്ത്രിയായ ഒമർ ബിൻ സുൽത്താൻ അൽ ഒലാമയെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഡയറക്ടർ ജനറലായി നിയമിച്ചതായും ഷെയ്ഖ് മുഹമ്മദ് അറിയിച്ചു. കൂടാതെ അബ്ദുള്ള നാസർ ലൂത്തയെ കോംപറ്റീറ്റീവ്നസ് കൗൺസിൽ ചെയർമാനായും സർക്കാർ വിജ്ഞാന കൈമാറ്റ ഫയലുകളുടെ ചുമതലയിലുമായി നിയമിച്ചിട്ടുണ്ട്.
അതേസമയം ആത്മാർത്ഥമായ പരിശ്രമങ്ങൾക്ക് ഹെസ്സ ബു ഹമീദിനോടും നൂറ അൽ കാബിയോടും ഷെയ്ഖ് മുഹമ്മദ് നന്ദിയും അഭിനന്ദനവും അറിയിച്ചു. അവർക്ക് പുതിയ ചുമതലകളായിരിക്കും നൽകുക. കൂടാതെ പുതിയ മന്ത്രിമാർ അവരവരുടെ ചുമതലകളിൽ വിജയിക്കട്ടെ എന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു. യു എ ഇയുടെ ഏറ്റവും മനോഹരമായ ഭാവിയെക്കുറിച്ച് എപ്പോഴും ശുഭാപ്തിവിശ്വാസമുള്ളവരാണ് എല്ലാവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.