ദുബായ്: ഐസിസി ചാംപ്യൻസ് ട്രോഫി 2025 എഡിഷൻ്റെ മത്സരക്രമങ്ങൾ പ്രഖ്യാപിച്ചു. പാക്കിസ്ഥാനിൽ വച്ചാണ് ചാംപ്യൻസ് ട്രോഫിയെങ്കിലും ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിൽ വച്ചാവും നടക്കുക. ഫെബ്രുവരി 19 -ന് കറാച്ചിയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ന്യൂസിലാൻഡ് പാക്കിസ്ഥാനെ നേരിടും.
ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 23ന് ഇന്ത്യ – പാകിസ്ഥാൻ സൂപ്പർപോരാട്ടം. മാർച്ച് രണ്ടിന് ന്യൂസിലൻഡിനേയും ഇന്ത്യ നേരിടും. ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളും ഒരു സെമി ഫൈനലും ദുബായിൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
ടൂർണമെന്റിലെ നിലവിലെ ചാംപ്യന്മാരാണ് പാകിസ്ഥാൻ. അവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കുന്നത്. ന്യൂസിലൻഡും ബംഗ്ലാദേശുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്കയെ നേരിടും. അഫ്ഗാനിസ്ഥാൻ ആദ്യമായിട്ടാണ് ടൂർണമെന്റിന് യോഗ്യത നേടുന്നത്. ഫെബ്രുവരി 21ന് കറാച്ചിയിലാണ് മത്സരം. ഗ്രൂപ്പിലെ മറ്റു ടീമുകളായ ഓസ്ട്രേലിയയും ഇംഗ്ലണ്ടും 22ന് നേർക്കുനേർ വരും. രണ്ടാം സെമിഫൈനലും ഫൈനലും ലാഹോറിൽ നടക്കും. എന്നാൽ ഇന്ത്യ കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയാൽ, ഫൈനൽ മാർച്ച് 9ന് ദുബായിൽ നടക്കും. ഫൈനൽ ഉൾപ്പെടെ ഓരോ നോക്കൗട്ട് ഗെയിമുകൾക്കും റിസർവ് ദിനം അനുവദിച്ചിട്ടുണ്ട്.
ചാംപ്യൻഷിപ്പ് ട്രോഫിയിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കാൻ പറ്റില്ലെന്ന് ബിസിസിഐ നിലപാട് എടുത്തതോടെ ഇരു ബോർഡുകളും തമ്മിൽ തർക്കം രൂക്ഷമായിരുന്നു. തുടർന്ന് ഐസിസി മുൻകൈയ്യെടുത്ത് നടത്തിയ ചർച്ചയ്ക്ക് ഒടുവിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരങ്ങൾക്ക് ഇരുരാജ്യങ്ങൾക്കും പുറത്തൊരു നിഷ്പക്ഷ വേദിയൊരുക്കാൻ തീരുമാനിച്ചു. അങ്ങനെ ഈ വർഷം മുതൽ 2027 വരെയുള്ള ഐസിസി ടൂർണ്മെൻ്റുകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള എല്ലാ മത്സരങ്ങളും ഇനി നിഷ്പക്ഷ വേദിയായ യുഎഇയിലാവും നടക്കുക.