മുംബൈ വിമാനത്താവളം ബോംബുവെച്ച് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം അയച്ച കിളിമാനൂര്‍ സ്വേദശി 23കാരന് ഫെബിന് ഷായ്ക്ക് തീവ്രവാദ ബന്ധമില്ലെന്ന് പ്രാഥമിക നിഗമനം. ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് വലിയ തുക നഷ്ടമായതിനെ തുടര്‍ന്നാണ് ഭീഷണി സന്ദേശം അയച്ചതെന്നാണ് ഫെബിന്റെ വാദം.
തന്റെ മൊബൈല്‍ ഫോണ്‍ ആരോ ഹാക്ക് ചെയ്ത് ഭീഷണി സന്ദേശം അയച്ചതെന്നായിരുന്നു ആദ്യം ഫെബിന് പറഞ്ഞത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു. ബിബിഎ ബിരുദധാരിയാണ് ഫെബിന്.
ഫെബിന്‍ഷായെ ഇന്ന് മുംബൈ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഇന്ന് ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കും. ട്രാന്‍സിറ്റ് വാറന്റ് വാങ്ങിയ ശേഷം മുംബൈയിലേക്ക് കൊണ്ടു പോകും.
വ്യാഴാഴ്ച രാവിലെയാണ് വിമാനത്താവളത്തിലേക്ക് ഭീഷണി സന്ദേശമെത്തുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം സ്വദേശിയാണ് ഭീഷണി സന്ദേശത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. ഐപി അഡ്രസ് പിന്തുടര്ന്നാണ് കേരളത്തില്‍ നിന്നാണ് സന്ദേശം അയച്ചതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
അമ്മയുടെ പേരിലുള്ള ബ്രോഡ് ബാന്‍ഡ് കണക്ഷനില്‍ നിന്നാണ് സന്ദേശം പോയത്. പത്ത് ലക്ഷം യുഎസ് ഡോളര്‍ ബിറ്റ് കോയിനായി നല്‍കിയില്ലെങ്കില്‍ വിമാനത്താവളം തകര്‍ക്കുമെന്നായിരുന്നു ഭീഷണി. ഇത് അവസാനത്തെ മുന്നറിയിപ്പ് ആണെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.