സൗദി അറേബ്യയിൽനിന്ന് എളുപ്പത്തിലും സുരക്ഷിതത്തോടും കൂടി ഇന്ത്യയിലേക്ക് സാധനങ്ങളയക്കാൻ സൗദി പോസ്റ്റ് സംവിധാനമൊരുക്കി. സമ്മാനങ്ങൾ, ഉപഭോക്താവിനുള്ള ഉൽപന്നങ്ങൾ, ബിസിനസ് പങ്കാളികൾക്കുള്ള രേഖകൾ തുടങ്ങി സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിൽ എത്തിക്കാൻ ഏറ്റവും വിശ്വസനീയമായ ഒരു കൊറിയർ സംവിധാനമാണ് സൗദി പോസ്റ്റ്ഒരുക്കിയിരിക്കുന്നത്.
1926-ൽ വിവിധ തരത്തിലുള്ള ലോജിസ്റ്റിക്കൽ, തപാൽ സേവനങ്ങൾ നൽകുന്നതിനായി സ്ഥാപിതമായ സർക്കാർ സ്ഥാപനമാണ് എസ്.പി.എൽ. 96 വർഷമായി മികവുറ്റതും സജീവവുമായ തപാൽ, ലോജിസ്റ്റിക് സേവനങ്ങളാണ് ഇവർ നൽകിവരുന്നത്. വ്യത്യസ്ത ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിവിധ തരത്തിലുള്ള ഡെലിവറി സംവിധാനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്.
എക്കണോമി എന്ന സാധാരണ സർവീസും എക്സ്പ്രസ് എന്ന അതിവേഗത്തിലുമുള്ള ഡെലിവറി സംവിധാനവും ലഭ്യമാണ്. കൂടാതെ സൗദിക്കുള്ളിലും വിദേശരാജ്യങ്ങളിലുമായി ഒന്നിലധികം വിതരണ ശൃംഖലകളുടെ സംവിധാനവും എസ്.പി.എൽ ഒരുക്കിയിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇന്ത്യയിലെ എസ്.പി.എൽ നെറ്റ്വർക്ക്. സൗദി അറേബ്യയിലെ ഏറ്റവും വലിയ വിദേശി സമൂഹം ഇന്ത്യക്കാരുടേതാണ്.
ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര വിപണികളിലൊന്നായാണ് ഇന്ത്യയെ കാണുന്നതെന്നും സൗദി പോസ്റ്റ് വ്യക്തമാക്കി. ഇന്ത്യയിലുടനീളമുള്ള മേൽവിലാസക്കാരുടെ വീട്ടുപടിക്കലിലോ അല്ലെങ്കിൽ ഏറ്റവും അടുത്തുള്ള പോസ്റ്റ് ഓഫീസിലോ പാഴ്സൽ എത്തിച്ചേരും. കൂടാതെ പാഴ്സൽ അയച്ചാൽ അത് ഡെലിവറി ചെയ്യപ്പെടും വരെ ട്രാക്ക് ചെയ്യാനും സൗദി പോസ്റ്റിൽ സംവിധാനമുണ്ട്.