അറിവ് നേടാൻ പ്രായമോ പരിമിതികളോ ഒന്നും ഒരു പ്രശ്നമല്ല. അത്തരത്തിൽ നിരവധി പേർ ഈ ലോകത്തുണ്ട്. എന്നാൽ 76 ആമത്തെ വയസ്സിൽ പി എച്ച് ഡി പൂർത്തിയാക്കിയിരിക്കുകയാണ് യു കെ യിലെ നിക്ക് ആക്സ്റ്റൻ. 50വർഷമാണ് അദ്ദേഹം പി.എച്ച്.ഡി പഠനം പൂർത്തിയാക്കാനെടുത്ത സമയം. 1970-ലാണ് ഡോ. നിക്ക് ആക്സ്റ്റൻ എന്ന വ്യക്തി പി.എച്ച്.ഡി പഠനം തുടങ്ങിയത്.
യു എസി ലെ പിറ്റ്സ്ബർഗ് സർവകലാശാലയിൽ മാത്തമാറ്റിക്കൽ സോഷ്യോളജിയിലാണ് നിക്ക് ഗവേഷണം ആരംഭിച്ചത്. എന്നാൽ അഞ്ചുവർഷം കഴിഞ്ഞപ്പോൾ ഗവേഷണം പൂർത്തിയാക്കുന്നതിന് മുൻപേ അദ്ദേഹത്തിന് യുകെയിലേക്ക് തിരികെ പോകേണ്ടിവന്നു. അതിനിടയിൽ അദ്ദേഹത്തിന് ഫുൾബ്രൈറ്റ് സ്കോളർഷിപ്പും ലഭിച്ചിരുന്നു.
2016 ൽ 69 ആമത്തെ വയസ്സിൽ നിക്ക് ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ എംഎ ഇൻ ഫിലോസഫി പ്രോഗ്രാമിൽ ചേർന്ന് വീണ്ടും പഠനം തുടർന്നു. അങ്ങനെ 2023 ഫെബ്രുവരി 14-ന് ബ്രിസ്റ്റോൾ സർവകലാശാല അദ്ദേഹത്തിന് ഡോക്ടറേറ്റ് നൽകി ആദരിക്കുകയും ചെയ്തു. ഭാര്യ ക്ലെയർ ആക്സ്റ്റെനും 11 വയസ്സുള്ള ചെറുമകൾ ഫ്രേയയുടെയും ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായിരുന്നു.
വ്യക്തി മൂല്യങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ട് മനുഷ്യന്റെ പെരുമാറ്റം മനസ്സിലാക്കുന്നതിനുള്ള സിദ്ധാന്തം ആവിഷ്കരിക്കുന്നതിനെ സംബന്ധിച്ചായിരുന്നു ഡോ ആക്സ്റ്റന്റെ ഗവേഷണ വിഷയം. ഈ പഠനം ശ്രമകരമായിരുന്നുവെന്നും അതുകൊണ്ട് തന്നെ പൂർത്തിയാക്കാൻ 50 വർഷമെടുത്തുവെന്നും ആക്സ്റ്റൻ പറയുന്നു. രണ്ടു മക്കളും അച്ഛനും നാലു പേരക്കുട്ടികളുമാണ് ഡോ.നിക്ക് ആക്സ്റ്റനുള്ളത്.