കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥി ഷഹബാസിനെ തലയ്ക്ക് അടിച്ച കൊന്ന കേസിൽ പ്രതികളായ അഞ്ച് വിദ്യാർത്ഥികളേയും കോഴിക്കോട് വെള്ളിമാടുകുന്നിലെ ജുവനൈൽ ജസ്റ്റിസ് ഹോമിലേക്ക് മാറ്റി. തത്കാലം ഇവരെല്ലാം ജുവനൈൽ ഹോമിൽ നിരീക്ഷണത്തിൽ തുടരും.
ഷഹബാസിനെ ആയുധം വച്ച് തലയ്ക്ക് അടിച്ച ആളെയടക്കം കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള അഞ്ച് പേരെയും നേരത്തെ തന്നെ പൊലീസ് തിരിച്ചറിയുകയും ഇവരുമായി തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി ഷഹബാസ് മരിച്ചതിന് പിന്നാലെ കൊലക്കുറ്റമടക്കം കൂടുതൽ വകുപ്പുകൾ ഇവർക്കെതിരെ പൊലീസ് ചുമത്തി.
ഇന്ന് രാവിലെ അഞ്ച് പേരെയും കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് കോടതിയിൽ ഹാജരാക്കാൻ പൊലീസ് ഇവരുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ജുവനൈൽ ജസ്റ്റിസ് കോടതിയിൽ നിന്നാണ് ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റിയത്. എസ്.എസ്.എൽസി വിദ്യാർത്ഥികളായ ഇവർക്കെല്ലാം പരീക്ഷ എഴുതാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഒബ്സർവേഷൻ ഹോമിന് അടുത്തുള്ള ഏതെങ്കിലും സ്കൂളിലായിരിക്കും ഇവർക്ക് പരീക്ഷ എഴുതാൻ അവസരം ഒരുക്കുക. പൊലീസ് സംരക്ഷണയിൽ വേണം കുട്ടികളെ പരീക്ഷയ്ക്ക് കൊണ്ടു പോകാൻ എന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
അതേസമയം കൊലപാതകത്തിൽ മുതിർന്ന ചിലർക്കും പങ്കുണ്ടെന്ന് ഷഹബാസിൻ്റെ കുടുംബം ആരോപിക്കുന്നുണ്ട്. ചില ബാഹ്യഇടപെടലുകൾ കൊലപാതകത്തിലുണ്ടായി എന്നാണ് ഷഹബാസിൻ്റെ കുടുംബവും അയൽവാസികളും ആരോപിക്കുന്നത്. എന്നാൽ സിസിടിവി ദൃശ്യങ്ങളും പ്രതികളുടെ ചാറ്റുകളും സമൂഹമാധ്യമത്തിലെ ഇടപെടലുകളും പരിശോധിച്ചതിൽ പിടിയിലായ അഞ്ച് പേർ അല്ലാതെ മറ്റാർക്കും കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നത്. ഇൻസ്റ്റാ ഗ്രൂപ്പിൽ രണ്ട് സ്കൂളുകളിൽ കുട്ടികൾ തമ്മിലുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നീങ്ങാൻ കാരണമായതെന്നും കേസിൽ ഇപ്പോഴും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
അതിനിടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വൈകിട്ട് 3 മണിയോടെയാണ് താമരശ്ശേരി ചുങ്കം പാലോറക്കുന്നിലെ തറവാട് വീട്ടിലേക്ക് ഷഹബാസിൻ്റെ മൃതദേഹം എത്തിച്ചത്. കിടവൂർ മദ്രസയിലെ പൊതുദർശനത്തിന് ശേഷം കെടവൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഷഹബാസിനെ ഖബറടി. സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരുമടക്കം നൂറുകണക്കിന് പേരാണ് ഷഹബാസിനെ അവസാനമായി കാണാനെത്തിയത്. മൃതദേഹം കണ്ട ഷഹബാസിൻ്റെ കൂട്ടുകാർ പലരും പൊട്ടിക്കരഞ്ഞു. പിതാവ് തളർന്നു വീണു.