കോഴിക്കോട്: നിപ രോഗബാധിതരുടെ ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ട കോൺടാക്ടുകളിൽ 61 പേരുടെ ഫലവും നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിലൊരാൾ രണ്ടാമത് മരിച്ച ഹാരിസിന്റെ സമ്പർക്കത്തിലുണ്ടായിരുന്ന ബന്ധുവാണ്.
നിപ ബാധിതരെ ചികിത്സിച്ച ഒരു ആരോഗ്യ പ്രവർത്തകയും നെഗറ്റീവ് പട്ടികയിലുൾപ്പെട്ടിട്ടുണ്ട്. ഇന്നലെ അടുത്ത സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന 42 പേരുടെ സാംപിൾ ഫലം നെഗറ്റീവായിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ പേർ നെഗറ്റീവായത്. ആകെ 1233 പേരാണ് നിപ സമ്പർക്കപട്ടികയിലുള്ളത്. ആദ്യം മരിച്ചയാളിൽ നിന്നാണ് പിന്നീട് രോഗം സ്ഥിരീകരിച്ചവർക്കെല്ലാം രോഗബാധയുണ്ടായത്.
അതേസമയം നിപ വ്യാപനത്തിന് ഇടയാക്കിയ സാഹചര്യം പഠിക്കാൻ എത്തിയ കേന്ദ്രസംഘങ്ങൾ ഇന്നും പരിശോധന തുടരും. ഒരു സംഘം ഇന്ന് ഡൽഹിയിലേക്ക് മടങ്ങും. കേന്ദ്രസംഘവുമായി ചർച്ച നടത്തിയതായും, കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസംഘത്തിന് തൃപ്തിയുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.