ഒന്നര വയസുകാരന്റെ ചികിത്സയ്ക്ക് സഹായം നല്കാൻ ഒരു നാലാം ക്ലാസുകാരന് കടല വില്പന നടത്തുന്നു. വരും തലമുറയുടെ പ്രതീകമായ ഈ ബാലൻ നന്മയുടെ ഉദാത്ത മാതൃകയാണ്. മലപ്പുറത്തെ തിരൂര്‍ കട്ടച്ചിറ മേച്ചേരിയിലെ ബഷീറിന്റെയും ഷഹര്‍ബാന്റെയും മകനായ മുഹമ്മദ് ഷിബിലിയാണ് സഹജീവി സ്നേഹം തുളുമ്പുന്ന പ്രവർത്തി മൂലം ശ്രദ്ധ നേടുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസിയുവില്‍ ചികിത്സയിലുള്ള തിരൂർ തൃപ്രങ്ങോട് ബീരാഞ്ചിറയിലെ ഒന്നര വയസ്സുകാരന് നൽകാനാണ് ഷിബിലി കടല വിൽക്കുന്നത്. കുഞ്ഞിന് കഴിയാവുന്ന സഹായം നല്കാന് പിതാവിന്റെ സമ്മതം വാങ്ങിയതിന് ശേഷം കൈയ്യിലുണ്ടായിരുന്ന കാശ് കുടുക്കയിലെ പണം എടുത്തു. പിന്നീട് കടല ചെറിയ പൊതികളാക്കി അവന് നേര്‍ച്ചപ്പറമ്പിലെത്തി വില്പന തുടങ്ങി.
ആലത്തിയൂര്‍ എംഇടി സ്കൂളിലെ 4ാം ക്ലാസ് വിദ്യാര്‍ഥിയാണ് ഷിബിലി. സ്കൂള്‍ വിട്ട് വീട്ടിലെത്തി വൈകുന്നേരം അഞ്ച് മണി മുതല്‍ രാത്രി വരെ അവന് മുടങ്ങാതെ കടല വിറ്റു. കിട്ടുന്ന കാശ് ചെറിയ കുടുക്കയി ൽ നിക്ഷേപിച്ചു. ശേഷം നാലാമത്തെ ദിവസം അവന് ഉപ്പയെയും കൂട്ടി ആ ഒന്നര വയസ്സുകാരന്റെ വീട്ടില്‍ എത്തി. ശേഖരിച്ചുവച്ച കുടുക്ക പൊട്ടിച്ച് സ്നേഹവും പണവും അവർക്ക് നൽകി.
നൂറിന്റെയും, അമ്പതിന്റയും, പത്തിന്റയും, നോട്ടുകളും ചില്ലറ തുട്ടുകളുമൊക്കെയായി എണ്ണായിരത്തി ഒരുനൂറ്റി മുമ്പത് രൂപയാണ് ഷിബിലി സഹായമായി നൽകിയത്. സഹജീവികളോട് സ്നേഹം പ്രകടിപ്പിക്കണമെന്നും സഹാനുഭൂതിയുണ്ടവണമെന്നും വരാനിരിക്കുന്ന തലമുറയോട് പറയാതെ പറയുകയാണോ ഈ കൊച്ചു മിടുക്കൻ.