നേപ്പാളിലെ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തകർന്നു വീണു. കാഠ്മണ്ഡുവിൽനിന്ന് പൊഖാറയിലേക്ക് എത്തിയ യതി എയർലൈൻസിന്റെ യാത്രാവിമാനമാണ് റൺവേയിൽ തകർന്നു വീണത്. വിമാനത്തിൽ നിന്നും കത്തിക്കരിഞ്ഞ നിലയിൽ 45 മൃതദേഹങ്ങൾ കണ്ടെടുത്തു.
68 യാത്രക്കാരും നാല് വിമാന ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചിരിക്കാമെന്നാണ് സൂചന. പ്രതികൂല കാലാവസ്ഥ മൂലമാണ് വിമാനം തകർന്നുവീണതെന്നാണ് സൂചന. ഞായറാഴ്ച രാവിലെ കനത്ത മൂടൽ മഞ്ഞാണ് പൊഖാറയിൽ അനുഭവപ്പെട്ടത്. രക്ഷാപ്രവർത്തനത്തിനായി നിലവിൽ വിമാനത്താവളം പൂർണമായും അടച്ചിട്ടിരിക്കുകയാണ്.