മേപ്പാടി: ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ജനങ്ങൾ. 250 ഓളം കുടുംബങ്ങൾ പ്രദേശത്തുണ്ടെന്നാണ് ഏകദേശ കണക്കുകൾ. രാത്രി രണ്ട് മണിയോടെ അപ്രതീക്ഷിതമായി ഉണ്ടായ ഉരുൾപൊട്ടലിൽ വെളളവും മണ്ണും കുത്തിയൊലിച്ചെത്തിയത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. അപകടത്തിൽ മുണ്ടക്കൈ, അട്ടമല മേഖലകൾ പൂർണമായി ഒറ്റപ്പെട്ടിരിക്കുകയാണ്. ഏകദേശം 57 പേരുടെ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. ഇതിൽ 17 മൃതദേഹങ്ങൾ മലപ്പുറം ജില്ലയിലെ പോത്തുകൽ മേഖലയിലേക്ക് ഒഴുകി എത്തുകയാണ് ചെയ്തത്.
മുണ്ടക്കൈ ട്രീവാലി റിസോർട്ടിൽ പ്രായമായവരടക്കം അൻപതോളം ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. മുണ്ടക്കൈ-അട്ടമല പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലം പൂർണമായും തകർന്നതിനാൽ ഏകദേശം 400 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടിരിക്കുകയാണെന്നാണ് ഏകദേശ കണക്ക്.
അടുത്ത 24 മണിക്കൂർകൂടി കേരളത്തില്‍ പ്രത്യേകിച്ച് മധ്യകേരളം മുതൽ വടക്കൻ കേരളം വരെ അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കാസർകോട്, കോഴിക്കോട്, കണ്ണൂർ,വയനാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ടാണ്. വയനാട് പുത്തുമലയിൽ കഴിഞ്ഞ 24 മണിക്കൂറിൽ പെയ്തത് 372 mm മഴയാണെന്നാണ് കണക്ക്. 48 മണിക്കൂറിൽ 572 മി.മീ മഴയാണ് ലഭിച്ചത്. തേറ്റമലയിൽ കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 409 മി.മീ മഴ ലഭിച്ചെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.