ഖത്തർ ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് തിരിതെളിയാൻ ഇനി 30 നാൾകൂടി. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി അതിഥികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ. മത്സരത്തിനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് ടീമുകളും. നവംബർ ഏഴ് മുതൽ ടീമുകൾ ഖത്തറിൽ എത്തിത്തുടങ്ങും. 12 വർഷത്തെ തയ്യാറെടുപ്പുകൾക്കൊടുവിലാണ് ഖത്തർ പ്രഥമ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
നിരവധി പ്രത്യേകതകളുണ്ട് ഇത്തവണത്തെ ലോകകപ്പിന്. ഏറ്റവും കൂടുതൽ ടീമുകൾ മാറ്റുരയ്ക്കുന്ന ലോകകപ്പെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 32 ടീമുകൾ ആണ് ഇക്കുറി കളിക്കളത്തിലിറങ്ങുക. 64 മത്സരങ്ങളുമുണ്ടാവും. കൂടാതെ ഏഷ്യയിൽ നിന്നും കൂടുതൽ ടീമുകൾ പങ്കെടുക്കുന്നുവെന്നതും ലോകകപ്പ് നടത്തുന്ന ഏറ്റവും ചെറിയ രാജ്യമെന്നതും ഇത്തവണത്തെ ലോകകപ്പിന്റെ പ്രത്യേകതകളാണ്. നവംബർ 20ന് അൽഖോറിലെ അൽബെയ്ത്തിലാണ് കിക്കോഫ്. ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ ഫൈനൽ അരങ്ങേറും.
Only one month to wait until #Qatar2022 ????
Enjoy some Eusebio magic in today’s #FIFAWorldCup throwback ????????????
— FIFA World Cup (@FIFAWorldCup) October 20, 2022
എട്ട് സ്റ്റേഡിയങ്ങളിലായാണ് മത്സരം നടക്കുക. എല്ലാ സ്റ്റേഡിയങ്ങളും ഇതിനകം തന്നെ പൂർണ സജ്ജമായിട്ടുണ്ട്. വിവിധ കായിക മത്സരങ്ങളും കായികേതര പരിപാടികളും നടത്തി സ്റ്റേഡിയത്തിന്റെ പ്രവർത്തനക്ഷമതയും ഉറപ്പാക്കിയിട്ടുണ്ട്. 8 സ്റ്റേഡിയങ്ങളിലായി 3,40,000 സീറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. നിലവിൽ ബ്രാൻഡിങ്, അടയാള ബോർഡുകൾ എന്നിവ സ്ഥാപിക്കുന്ന പ്രവർത്തികൾ പുരോഗമിക്കുകയാണ്. പരിശീലന സൈറ്റുകൾ, ഭരണനിർവഹണ ഓഫിസുകൾ, ടീമുകൾക്കുള്ള താമസ സൗകര്യങ്ങൾ ഉൾപ്പെടെ 169 ഔദ്യോഗിക സൈറ്റുകളും ഖത്തർ തുറന്നിട്ടുണ്ട്.
ലോകകപ്പിനെത്തുന്നവർക്കുള്ള ടിക്കറ്റിനൊപ്പം ഹയാ കാർഡും നിർബന്ധമാക്കിയിരുന്നു. നാലര ലക്ഷത്തിലധികം ഡിജിറ്റൽ കാർഡുകളാണ് ഇതിനകം വിതരണം ചെയ്തത്. കൂടാതെ ഹയാ വിത്ത് മി (1+3) സേവനം ഉപയോഗിച്ച് വിദേശ ഹയാ കാർഡ് ഉടമകൾക്ക് ടിക്കറ്റില്ലാത്ത 3 പേരെ കൂടി ഖത്തറിലേക്ക് ഒപ്പം കൂട്ടാം. ഇതുവരെ 2.89 ദശലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ടിക്കറ്റ് വിൽപനയുടെ കാര്യത്തിൽ മുമ്പിൽ ഖത്തർ ആണ്. യുഎസ്, സൗദി എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. ആദ്യ പത്തിൽ ഇടം നേടിയ മറ്റ് രാജ്യങ്ങൾ ഇംഗ്ലണ്ട്, മെക്സിക്കോ, യുഎഇ, അർജന്റീന, ഫ്രാൻസ്, ബ്രസീൽ, ജർമനി എന്നിവരാണ്.
In one month we get to kick it off all over again! ????#FIFAWorldCup | #Qatar2022 pic.twitter.com/Gaz5W8k6i1
— FIFA World Cup (@FIFAWorldCup) October 20, 2022
മത്സരത്തിനെത്തുന്ന 32 ടീമുകൾക്കും ലോകനിലവാരത്തിലുള്ള ക്യാംപുകൾ സജ്ജമാക്കിയിട്ടുണ്ട്. 24 ടീമുകൾ താമസിക്കുന്നത് 10 കിലോമീറ്റർ ചുറ്റളവിനുള്ളിലാണ്. ലോകകപ്പ് കാണാനെത്തുന്നവർക്കും വിപുലമായ യാത്രാ സൗകര്യങ്ങളും താമസ സൗകര്യങ്ങളും ഖത്തർ ഒരുക്കിയിട്ടുണ്ട്. ഹമദ്, ദോഹ രാജ്യാന്തര വിമാനത്താവളങ്ങൾ പൂർണ സജ്ജമാണ്. യുഎഇ, സൗദി, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് പ്രതിദിനം 94 മാച്ച് ഡേ ഷട്ടിൽ വിമാന സർവീസുകൾ അരംഭിക്കും. കൂടാതെ 750 ഇ –ബസുകൾ ഉൾപ്പെടെ 3,000 ബസുകൾ, ദോഹ മെട്രോ 21 മണിക്കൂർ സർവീസ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
എട്ട് സ്റ്റേഡിയങ്ങൾക്കു ചുറ്റും വിനോദ പരിപാടികൾ സംഘടിപ്പിക്കും. രാജ്യത്തുടനീളം ഫാൻ സോണുകളും. കത്താറ, സൂഖ് വാഖിഫ്, ലുസെയ്ൽ ബൗളിവാർഡ്, അൽ വക്ര സൂഖ്, റാസ് ബു ഫോണ്ടാസിൽ അർകാഡിയ മ്യൂസിക് ഫെസ്റ്റിവൽ, അൽ വക്രയിൽ അറാവിയ, ആസ്പയർ സോൺ, ലുസൈൽ സൗത്ത് പ്രൊമനേഡിൽ ഹയാ ഫാൻ സോൺ തുടങ്ങി രാജ്യമാകെ ആഘോഷ പരിപാടികൾ ഉണ്ടാകും.
Get all your #FIFAWorldCup countdown content on FIFA+
— FIFA World Cup (@FIFAWorldCup) October 20, 2022