ദില്ലി: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നീരക്ഷണകേന്ദ്രം അറിയിച്ചു. 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. അതേസമയം ഇന്ന് പകൽ തെക്കൻ ജില്ലകളിലാണ് മഴയുള്ളത്.
കടൽ പ്രക്ഷുബ്ധമാവാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും ജാഗ്രത തുടരണമെന്നാണ് നിർദേശം. തെക്കൻ കേരളത്തിന് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ കാരണം.
അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റീമൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടുമെന്നാണ് കരുതുന്നത്. പശ്ചിമ ബംഗാളിന്റെയും ഒഡീഷയുടെയും തീരങ്ങളിലാകും ചുഴലിക്കാറ്റ് കരതൊടാൻ സാധ്യത. 110 മുതൽ 135 കിലോമീറ്റർ വരെ വേഗത്തിൽ ചുഴലിക്കാറ്റ് കരയിലെത്തുമെന്നാണ് മുന്നറിയിപ്പ്. മറ്റന്നാളോടെ കാറ്റിന്റെ ശക്തി 60 കിലോമീറ്ററായി കുറയും.
ചുഴലിക്കാറ്റിൻ്റെ ഫലമായി പശ്ചിമ ബംഗാളിലും ഒഡിഷയിലും ബംഗ്ലാദേശിലും കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വടക്ക്കിഴക്കൻ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട ഇടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. മറ്റന്നാൾ വരെ ബംഗാളിലും ഒഡിഷയിലും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കൊൽക്കത്ത വിമാനത്താവളം 21 മണിക്കൂർ അടച്ചിടും.