ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ രണ്ടാം ഘട്ടത്തിൽ അനുയോജ്യവും വ്യത്യസ്തമായതുമായ പദ്ധതികളുമായി ഭരണാധികാരികൾ. കാൽനടയായോ സൈക്കിളിലോ താമസക്കാർക്ക് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ കഴിയുന്ന 20 മിനിറ്റ് ദൈർഘ്യമുള്ള നഗരമാണ് മാസ്റ്റർ പ്ലാനിലൂടെ നടപ്പിലാക്കാൻ പോവുന്നത്. ജനങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടി സംയോജിത സേവന കേന്ദ്രങ്ങൾ വികസിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ബഹുജന ഗതാഗത സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള ജനസാന്ദ്രത വർദ്ധിപ്പിക്കും. 80 ശതമാനം വരെ താമസക്കാരുടെ ദൈനംദിന ആവശ്യങ്ങൾ 20 മിനിറ്റിനുള്ളിൽ തന്നെ പൂർത്തിയാക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും. അതേസമയം താമസക്കാർക്കും സന്ദർശകർക്കും ആകർഷകവും വിശ്രമവും നൽകുന്നതിനുള്ള ഇടവഴികൾ, പാലങ്ങൾക്ക് താഴെയുള്ള ഇടങ്ങൾ, ചതുരങ്ങൾ എന്നിവ പോലുള്ള നഗര ഇടങ്ങൾ മെച്ചപ്പെടുത്താനും ഉപയോഗിക്കാനും ഈ പദ്ധതി വികസിപ്പിക്കും.
നഗരപ്രദേശങ്ങളുടെ സൗന്ദര്യം വർധിപ്പിക്കുന്നതിനും ഹരിത ഇടനാഴികൾ വികസിപ്പിക്കുന്നതിനും ഈ പദ്ധതി വലിയ തോതിൽ സഹായിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൂടാതെ കാർബൺ കാൽപ്പാടുകൾ കുറയ്ക്കുന്നതിനും ലാൻഡ്സ്കേപ്പിംഗ് തന്ത്രം മെച്ചപ്പെടുത്തുന്നതിനും ഈ സംരംഭം വലിയ തോതിൽ പ്രചോദനമാവും. ദുബായിലുടനീളമുള്ള കാൽനടയാത്രക്കാർക്കും സോഫ്റ്റ് മൊബിലിറ്റിക്കുമായി ഉയർന്ന ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ ബന്ധിപ്പിച്ച പാതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അധികൃതർ അറിയിച്ചു