ബൈക്ക് റേസില്‍ ഏറെ ശ്രദ്ധിക്കപ്പട്ടെ പ്രായം കുറഞ്ഞ താരം ശ്രേയസ് ഹരീഷിന് ദാരുണാന്ത്യം. മത്സരത്തിനിടെ ഉണ്ടായ അപകടത്തിനിടെയാണ് 13 കാരനായ ശ്രേയസ് മരിച്ചത്.
മദ്രാസ് ഇന്റര്‍ നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍ സൈക്കിള്‍ റേസിംഗ് ചാമ്പ്യന്‍ ഷിപ്പിനിടെ നടന്ന അപകടത്തിലാണ് താരത്തിന് പരിക്കേറ്റത്.
മത്സരം തുടങ്ങി കുറച്ച് സമയങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ശ്രേയസ് ഓടിച്ചിരുന്ന ബൈക്ക് മറിയുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ താരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മത്സരം ഇതോടെ സംഘാടകര്‍ നിര്‍ത്തി വെച്ചു.
ബെംഗളൂരുവിലെ കെന്സ്രി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ശ്രേയസ്. പെട്രോനാസ് ടിവിഎസ് വണ്‍-മേക്ക് ചാമ്പ്യന്‍ഷിപ്പിന്റെ പുതുമുഖ വിഭാഗത്തില്‍ മത്സരിച്ച് തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ വിജയിച്ചു. ദേശീയ തലത്തില്‍ നിരവധി മത്സരങ്ങളിലും ശ്രയസ് പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. ഓഗസ്റ്റില്‍ മലേഷ്യയിലെ സെപാങ് സര്‍ക്യൂട്ടില്‍ നടന്ന എംഎസ്ബികെ ചാമ്പ്യന്‍ഷിപ്പ് 2023 ല്‍ 250 സിസി വിഭാഗത്തില്‍ (ഗ്രൂപ്പ് ബി) സിആര്‍എ മോട്ടോര്‍സ്പോര്‍ട്സ് ടീമിനെ പ്രതിനിധീകരിച്ച് ശ്രേയസ് മത്സരിക്കേണ്ടതായിരുന്നു.