പന്ത്രണ്ടുകാരിയായ ബിയാങ്ക ജെമിയ വാരിയവയ്ക്ക് ഐഫോൺ 14 വീട്ടിൽ എത്തിച്ച ദിവസം ഒരിക്കലും മറക്കാൻ കഴിയില്ല. അത് അവൾ നേടിയ സമ്മാനമായിരുന്നില്ല. അവളുടെ ആറാഴ്ചത്തെ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു. ദുബായിലെ ഏഴാം ക്ലാസുകാരിയായ ബിയാങ്കയ്ക്ക് പുതിയ ഫോൺ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും നിലവിലെ സാഹചര്യങ്ങൾ കാരണം മാതാപിതാക്കൾക്ക് അവൾക്കൊരു ഫോൺ വാങ്ങിക്കൊടുക്കാൻ കഴിഞ്ഞില്ല. പിന്നീട് സ്വന്തം അധ്വാനം കൊണ്ട് ഈ പന്ത്രണ്ട് വയസ്സുകാരി ഐ ഫോൺ 14 ആണ് സ്വന്തമാക്കിയത്.
ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ജോലി ചെയ്തിട്ടുള്ള വിദഗ്ധരായ ബേക്കർമാരാണ് ബിയാങ്കയുടെ മാതാപിതാക്കൾ. ഫിലിപ്പൈന സ്വദേശിയായ ബിയാങ്കയുടെ അമ്മ ജെമിനി വാരിയവ ഒരിക്കൽ കുറച്ച് ബ്രെഡ് ഉണ്ടാക്കി. അത് അവളുടെ ഉച്ചഭക്ഷണ പെട്ടിയിൽ പൊതിഞ്ഞ് നൽകി. ബിയാങ്ക ബ്രഡ് സുഹൃത്തുക്കളുമായി പങ്കിട്ടു. അവർക്കെല്ലാം വലിയ ഇഷ്ടമായി. വീണ്ടും വീണ്ടും ബ്രഡ് കൊണ്ടുവരാൻ അവർ ആവശ്യപ്പെട്ടു. അതിൽ ഒരു സുഹൃത്താണ് ബ്രഡ് വില്പന ചെയ്യാനുള്ള ആശയം നൽകിയതെന്ന് ബിയാങ്ക പറഞ്ഞു. അപ്പോഴാണ് ബ്രഡ് വിറ്റ് സമ്പാദിക്കാൻ കഴിയുന്ന പണം ഉപയോഗിച്ച് ഐഫോൺ 14 വാങ്ങാമെന്ന് മനസിലാക്കിയതെന്നും ബിയാങ്ക കൂട്ടിച്ചേർത്തു.
അമ്മയും അച്ഛനും അടുക്കളയിൽ പാചകം ചെയ്യുന്നത് കണ്ടാണ് ബിയാങ്ക വളർന്നത്. അതേസമയം ബ്രഡ് വിൽക്കാനുള്ള പദ്ധതിയെക്കുറിച്ച് അറിഞ്ഞപ്പോൾ മാതാപിതാക്കൾ അവളെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്. ഇന്ത്യക്കാരനായ പിതാവ് ജെമിഭായ് വാരിയവ അവൾക്ക് 100 ദിർഹം പ്രാരംഭ മൂലധനം നൽകി. അവളുടെ അമ്മ അവൾക്ക് ബേക്കിംഗ് വൈദഗ്ദ്ധ്യവും വാഗ്ദാനം ചെയ്തു. ബിയാങ്കയ്ക്ക് അഞ്ച് വയസ്സുള്ളപ്പോൾ മുതൽ മാതാപിതാക്കളുടെ പിസ്സ പാർലറിൽ ബേക്ക് ചെയ്യാൻ അവൾ സഹായിച്ചിരുന്നു. അന്ന് മുതൽക്കേ അവൾക്ക് ബേക്കിംഗിൽ താൽപ്പര്യമുണ്ടെന്ന് ജെമിനി പറഞ്ഞു.
ആദ്യ ദിവസം ബിയാങ്കയ്ക്ക് രണ്ട് ഓർഡറുകൾ മാത്രമേ ലഭിച്ചുള്ളൂ. 10 ദിർഹത്തിന് നാല് ബ്രഡാണ് വിറ്റത്. എന്നാൽ അവൾ പ്രയത്നം തുടർന്നു. വെറും പ്ലെയിൻ ബ്രെഡ് മാത്രമല്ല, പ്ലെയിൻ സോഫ്റ്റ് റോൾ, ഓറിയോ, യൂബെ, ചീസ്, ടർക്കി സലാമി വിത്ത് ചീസ്, ചിക്കൻ ഫ്രാങ്ക്സ് എന്നിങ്ങനെ പല രുചികളിലുള്ള ബ്രഡുകളാണ് ബിയാങ്ക ഉണ്ടാക്കിയത്. സ്കൂളിലെ പഠനം പൂർത്തിയാക്കി വൈകുന്നേരങ്ങളിലാണ് അവൾ ബ്രഡ്ഡുകൾ ഉണ്ടാക്കുക. സ്കൂളിൽ ബ്രഡ് വിൽക്കുന്നത് എളുപ്പമായിരുന്നില്ല. പലരുടെയും ഭാഗത്ത് നിന്ന് കളിയാക്കലുകൾ വരെ നേരിടേണ്ടി വന്നുവെന്ന് ബിയാങ്ക പറഞ്ഞു.
എന്നാൽ മാതാപിതാക്കളും സഹപാഠികളും അധ്യാപകരും അയൽക്കാരും ബിയാങ്കയെ നല്ല രീതിയിൽ പ്രചോദിപ്പിച്ചു. അവരോടെല്ലാം കടപ്പെട്ടിരിക്കുന്നു. അതേസമയം ഈ സംരംഭകത്വ യാത്ര തുടരും. സ്വന്തമായി ഒരു ബേക്കറിയും കോഫി ഷോപ്പും തുറക്കുക എന്നതാണ് അടുത്ത ലക്ഷ്യമെന്നും ബിയാങ്ക കൂട്ടിച്ചേർത്തു. മകളുടെ കഠിനാധ്വാനത്തിനും വാക്കുകൾക്കും യുവതലമുറയെ പ്രചോദിപ്പിക്കാൻ കഴിയും എന്ന വിശ്വസമുണ്ടെന്ന് ബിയാങ്കയുടെ മാതാപിതാക്കളും പറഞ്ഞു.