മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ മൂന്ന് കുട്ടികൾക്ക് കുത്തേറ്റു. പെരിന്തൽമണ്ണ താഴെക്കോട് പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. വെള്ളിയാഴ്ചത്തെ എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞിറങ്ങിയ ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം വിദ്യാർത്ഥികൾ തമ്മിലാണ് ഏറ്റുമുട്ടിയത്.
കുട്ടികളുടെ തലയ്ക്കും കൈയ്ക്കുമാണ് കുത്തേറ്റത്. പരിക്കേറ്റ രണ്ട് പേരെ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാളെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്.
സ്കൂളിലെ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്കിടയിൽ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് കത്തിക്കുത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. ഈ പ്രശ്നത്തിൽ ഒരു വിദ്യാർത്ഥിയെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഈ വിദ്യാർത്ഥി ഇന്ന് പരീക്ഷ എഴുതാൻ എത്തിയപ്പോൾ ആണ് സംഘർഷമുണ്ടായത്.
പരീക്ഷയ്ക്ക് ശേഷം ഈ വിദ്യാർത്ഥി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ബാക്കി മൂന്ന് പേരെ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. നേരത്തെയും ഈ വിദ്യാർത്ഥി ആക്രമ സ്വഭാവം കാണിച്ചിരുന്നതായും ഈ കുട്ടിയെ പൊലീസ് വിളിച്ച് താക്കീത് ചെയ്തിരുന്നുവെന്നുമാണ് വിവരം.