ദില്ലി: ജോർജിയയിലെ വിനോദസഞ്ചാര കേന്ദ്രമായ ഗുഡൗറിയിലെ ഒരു ഹോട്ടലിൽ പതിനൊന്ന് ഇന്ത്യൻ പൗരന്മാരെ മരിച്ച നിലയിൽ കണ്ടെത്തിയതായി ടിബിലിസിയിലെ ഇന്ത്യൻ എംബസി പ്രസ്താവനയിൽ അറിയിച്ചു. വിഷപ്പുക ശ്വസിച്ചാണ് ഇവർ മരിച്ചതെന്നാണ് ജോർജ്ജിയയിലെ മാധ്യമങ്ങൾ പുറത്തു വിടുന്ന വിവരം. മരിച്ചവരുടെ വിശദാംശങ്ങളൊന്നും ഈ സമയത്ത് പുറത്തു വന്നിട്ടില്ല.
പ്രാഥമിക പരിശോധനയിൽ മൃതദേഹങ്ങളിൽ പരിക്കിൻ്റെയോ അക്രമത്തിൻ്റെയോ ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് ജോർജിയയുടെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാ ഇരകളും കാർബൺ മോണോക്സൈഡ് വിഷബാധ മൂലമാണ് മരിച്ചതെന്ന് പോലീസ് റിപ്പോർട്ടുകൾ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 11 ഇന്ത്യക്കാരെ കൂടാതെ ഒരു ജോർജ്ജിയൻ പൌരനും മരണപ്പെട്ടുവെന്നാണ് ജോർജ്ജിയൻ സർക്കാർ അറിയിക്കുന്നത്.
“ജോർജിയയിലെ ഗുഡൗരിയിൽ പതിനൊന്ന് ഇന്ത്യൻ പൗരന്മാർ മരണപ്പെട്ട സംഭവത്തിൽ ടിബിലിസിയിലെ ഇന്ത്യൻ എംബസി ദുഖം രേഖപ്പെടുത്തുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങളെ അഗാധമായ അനുശോചനം അറിയിക്കുന്നു. മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കുന്നതിന് എംബസി പ്രാദേശിക ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങളുമായി ഞങ്ങൾ ബന്ധപ്പെട്ടു വരികയാണ്. സാധ്യമായ എല്ലാ പിന്തുണയും അവർക്ക് നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് – ജോർജ്ജിയൻ തലസ്ഥാനമായ ടിബിലിസിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ഹോട്ടലിലെ കിടപ്പുമുറികൾക്ക് സമീപം അടച്ചിട്ട സ്ഥലത്ത് വൈദ്യുതി ജനറേറ്റർ സ്ഥാപിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി വൈദ്യുതി നിലച്ചതിന് ശേഷം ജനറേറ്റർ സ്വിച്ച് ഓണാക്കിയിരിക്കാം, ഇതിൽ കാർബൺ മോണോക്സൈഡ് വിഷവാതകം ശ്വസിച്ചാവും ഇത്രയും പേർ മരിച്ചതെന്നാണ് കരുതുന്നത്. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മാത്രമേ കൃത്യമായ മരണകാരണം സ്ഥിരീകരിക്കാൻ സാധിക്കൂവെന്ന് അധികൃതർ അറിയിച്ചു.
ജോർജ്ജിയയിലെ പ്രശസ്തമായ കോക്കസസ് പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഗുഡൗരി സ്കീയിംഗ്, സ്നോബോർഡിംഗ് തുടങ്ങിയ പലതരം ശീതകാല വിനോദങ്ങൾക്ക് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. ഏകദേശം 2,200 മീറ്റർ (7,200 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗുഡൌരി ജോർജിയയുടെ തലസ്ഥാനമായ ടിബിലിസിയിൽ നിന്ന് ഏകദേശം 120 കിലോമീറ്റർ (75 മൈൽ) വടക്കായിട്ടാണുള്ളത്..