ഉയരക്കുറവിനുള്ള ലോക റെക്കോർഡ് അഫ്ഷിൻ ഇസ്മായിലിന്. പ്രായപൂർത്തിയായ മനുഷ്യരിലെ ഉയരക്കുറവിനുള്ള ലോക റെക്കോർഡാണ് ഈ ഇറാൻ സ്വദേശി സ്വന്തമാക്കിയത്. 20 വയസ്സുകാരനായ അഫ്ഷിന്റെ ഉയരം 65.24 സെന്റിമീറ്ററാണ്. 72.10 സെന്റിമീറ്റർ ഉയരമുള്ള കൊളംബിയൻ സ്വദേശി എഡ്വാർഡ് നിനോ ഹെർണാൻഡസിന്റെ റെക്കോർഡാണ് ഇതിലൂടെ ഈ യുവാവ് തകർത്തത്.
ജനിച്ചപ്പോൾ 700 ഗ്രാം മാത്രമായിരുന്നു അഫ്ഷിന്റെ ഭാരം. 20 വർഷം കൊണ്ട് ഭാരം 6.5 കിലോഗ്രാമായി കൂടി. അതേസമയം ഇതുവരെ ജീവിച്ചിരുന്നവരിൽ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യൻ നേപ്പാൾ സ്വദേശി ചന്ദാ ബഹാദുർ ദാംഗിയായിരുന്നു. 54.6 സെന്റി മീറ്റർ ഉയരമുണ്ടായിരുന്ന അദ്ദേഹം 2015 ലാണ് മരിച്ചത്. ദുബായിലെത്തിയ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യന്റെ ആദ്യത്തെ ആഗ്രഹം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ കാണണമെന്നായിരുന്നു.