ചൈനയെ പിടിമുറുക്കി കോവിഡ് പടരുന്നു. കോവിഡ് രൂക്ഷമായതിനെ തുടർന്ന് ഷാംഗ്ഹാ നഗരത്തിലെ സ്കൂളുകളിൽ അധ്യയനം ഓൺലൈനാക്കി. പ്രൈമറി, സെക്കൻഡറി സ്കൂളുകൾ ഇന്നുമുതൽ ഓൺലൈൻ അധ്യാപനത്തിലേക്കു മാറും. നഴ്സറി പ്ലേ സ്കൂൾ എന്നിവ ഇന്നുമുതൽ തുറക്കില്ല. അധ്യാപകർക്കും ജീവനക്കാർക്കും കോവിഡ് പിടിപെട്ടതിനെത്തുടർന്ന് ചില സ്കൂളുകൾ നേരത്തേതന്നെ അടച്ചിരുന്നു.
കർശനമായ ക്വാറന്റീൻ വ്യവസ്ഥകൾ ഉൾപ്പെട്ട സീറോ കോവിഡ് നയം ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് അടുത്തിടെ ചൈനീസ് സർക്കാർ പിൻവലിച്ചിരുന്നു. നിയന്ത്രണങ്ങൾ ലഘൂകരിച്ചതുമൂലം കോവിഡ് വ്യാപനം വർധിക്കുമെന്ന ആശങ്ക ഇപ്പോൾ അധികൃതർക്കുണ്ട്.
ചൈനയിലുടനീളം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. താത്കാലിക ചികിത്സാ കേന്ദ്രങ്ങളും തീവ്രപരിചരണ സംവിധാനങ്ങളും പ്രത്യേകമായി സജ്ജമാക്കാൻ തുടങ്ങി. ഷാംഗ്ഹായിൽ മാത്രം രണ്ടേകാൽ ലക്ഷം ബെഡുകൾ തയാറാക്കിയിട്ടുണ്ട്.