ജിദ്ദയിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ മഴയെ തുടർന്നുണ്ടായ കെടുതികൾ നേരിടാൻ ജിദ്ദ മുനിസിപ്പാലിറ്റി പ്രവർത്തനങ്ങൾ ആരംഭിച്ചു. നിരവധി സംഘങ്ങളെയാണ് ഇതിനായി ഫീൽഡിൽ നിയോഗിച്ചിട്ടുള്ളത്. ഇന്ന് ഉച്ച വരെ ജിദ്ദയിൽ 60 മില്ലിമീറ്ററിലധികം മഴയുണ്ടായതാണ് കണക്ക്.
റോഡുകളിലെ വെള്ളക്കെട്ടും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിന് 2564 തൊഴിലാളികളെ നിയോഗിച്ചു. കൂടാതെ 960 യന്ത്രസാമഗ്രികൾ ഒരുക്കുകയും ചെയ്തതായി മുനിസിപ്പാലിറ്റി വ്യക്തമാക്കി. നിരവധി സ്ഥലങ്ങളിലെ വെള്ളക്കെട്ടുകളിൽ നിന്ന് വെള്ളം നീക്കം ചെയ്യാൻ ആരംഭിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 16 ബലദിയ ഓഫിസുകൾക്കും 13 സഹായ കേന്ദ്രങ്ങൾക്കും കീഴിലാണ് മഴക്കെടുതി ദുരീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതെന്നും മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു.