യൂത്ത് കോണ്‍ഗ്രസ് നടന് അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയെന്ന് പൊലീസ്. പ്രതി അഭി വിക്രത്തിന്റെ ഫോണില്‍ നിന്നാണ് തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തിയത്.
കഴിഞ്ഞദിവസം നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുരന്നു. ഇതിലൊരു പ്രതിയാണ് അഭി വിക്രം. ഇയാളുടെ ഫോണില്‍ നിന്നും 24 വ്യാജ ഐഡി കാര്‍ഡ് കണ്ടെത്തിയിരുന്നു. ഇവയെല്ലാം അടൂര്‍ കേന്ദ്രീകരിച്ച ഒരു സ്ഥലത്ത് നിന്ന് ഉണ്ടാക്കിയതാണെന്ന് പ്രതികളിലൊരാള്‍ കുറ്റസമ്മതം നടത്തിയിരുന്നു.
അതേസമയം അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചുള്ള ഐഡി കാര്‍ഡ് തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ഉപയോഗിച്ചോ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. വ്യാജമായി നിര്‍മിച്ച ഐഡി കാര്‍ഡുകള്‍ പലര്‍ക്കും വാട്സ്ആപ്പ് വഴി അയച്ചു കൊടുക്കുകയാണ് ചെയ്തത് എന്നാണ് പ്രതികള്‍ പറഞ്ഞത്.
പ്രതികള്‍ പിടിയിലായത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍ നിന്നാണെന്നും പൊലീസ് പറഞ്ഞു. KL 26 L3030 എന്ന കാറില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. ഈ കാറിന്റെ ഉടമ രാഹുല്‍ ബി ആര് എന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് വിവരം.
ഇതേ കാറിനൊപ്പം രാഹുല്‍ നില്ക്കുന്ന ചിത്രം രാഹുല്‍ നേരത്തെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാഹുലിനോട് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്.