തുർക്കിയിൽ നിന്നും ചരക്കുമായി ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്കുകപ്പൽ ഹൂതി വിമതർ. ഇസ്രയേൽ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. 52 ജീവനക്കാരുമായി തുർക്കിയിൽ നിന്നും ഇന്ത്യയിലേക്ക് വരികയായിരുന്ന ഗാലക്സി ലീഡർ എന്ന കപ്പലാണ് ഹൂതി സേന ചെങ്കടലിൽ വച്ച് പിടിച്ചെടുത്തതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കപ്പലിലെ 25 ജീവനക്കാരിൽ ആരും ഇസ്രയേലി പൌരൻമാരല്ലെന്നും ഇസ്രയേലി സൈന്യം വ്യക്തമാക്കുന്നു,
അതേസമയം ഇസ്രയേലി കപ്പലാണ് തട്ടിയെടുത്തതെന്ന് ഹൂതി വക്താക്കളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. തുറമുഖ നഗരമായ സാലിഫിലേക്കാണ് കപ്പൽ കൊണ്ടുപോയതെന്നും റിപ്പോർട്ടിൽ പറയുന്നു. യെമൻ്റെ വടക്കൻ ഭാഗം മൊത്തം കൈയാളുന്ന ഹൂതി വിമതർക്ക് ചെങ്കടൽ തീരത്തും സ്വാധീനമുണ്ട്. ഞായറാഴ്ച ഉച്ചയോടെയാണ് തെക്കൻ ചെങ്കടലിൽ നിന്നും കപ്പൽ ഹൂതികൾ പിടിച്ചെടുത്തത് എന്നാണ് വിവരം.
കരീബിയൻ രാജ്യമായ ബഹാമസിൻ്റെ പതാകയുമായാണ് കപ്പൽ നീങ്ങിയത്. ഇസ്രയേലിലെ ശതകോടീശ്വരനായ എബ്രഹാം റാമി ഉങ്കറിൻ്റേതാണ് കപ്പൽ എന്നാണ് ഹൂതികളുടെ അവകാശവാദം. എന്നാൽ ബ്രിട്ടീഷ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പലെന്നും നിലവിൽ ഇതു കൈകാര്യം ചെയ്യുന്ന ജപ്പാൻ കമ്പനിയാണെന്നുമാണ് ഇസ്രയേൽ സൈന്യം നൽകുന്ന വിശദീകരണം.
ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള പലസ്തീൻ സഹോദരങ്ങൾക്കെതിരെ ഇസ്രയേൽ നടത്തിയ ഹീനമായ പ്രവൃത്തികൾക്ക് മറുപടിയായാണ് കപ്പൽ പിടിച്ചെടുത്തതെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സാരി പറഞ്ഞു. നിലവിലുള്ള സംഘർഷം വിപുലീകരിക്കുന്നതിനുപകരം, മേഖലയിൽ ശാന്തിയും സമാധാനവുമാണ് വേണ്ടതെങ്കിൽ ലോകസമൂഹം ഇസ്രയേലിൻ്റെ അധിനിവേശം അവസാനിപ്പിക്കാൻ ഇടപെടണം – യഹ്യ സാരി ട്വിറ്ററിൽ കുറിച്ചു.