കന്നട നടന് യഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ടോക്സിക് എന്നാണ് ചിത്രത്തിന്റെ പേര്. ഗീതു മോഹന്‍ദാസാണ് ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നത്. യഷിന്റെ 19-ാമത്തെ ചിത്രം കൂടിയാണിത്. ചിത്രം 2025 ഏപ്രില്‍ 10നാണ് റിലീസ് ചെയ്യുക.
യഷ് 19 എന്ന പേരിലായിരുന്നു ചിത്രം അറിയപ്പെട്ടിരുന്നത്. കെ.വി.എന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. കെ.വി.എന്‍ പ്രൊഡക്ഷന്‍സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് ടീസര്‍ പുറത്തുവിട്ടത്.
‘What you seek is seeking you ‘- Rumi
A fairy tale for grown-ups
#TOXIChttps://t.co/SOlP8bFJU0@TheNameIsYash #GeetuMohandas@Toxic_TheMovie
— KVN Productions (@KvnProductions) December 8, 2023
സായ് പല്ലവിയായിരിക്കും ചിത്രത്തിലെ നായിക എന്നാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതേ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. കെ.ജി.എഫ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം യഷ് നായകനാകുന്ന സിനിമ കൂടിയാണ് ടോക്സിക്.
അതേസമയം കെ.ജി.എഫ് 3 ഉണ്ടാകുമെന്ന കാര്യത്തില്‍ സംവിധായകന് പ്രശാന്ത് നീല്‍ വ്യക്തത നല്‍കിയിരുന്നു. പിങ്ക് വില്ലയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു പ്രശാന്ത് ഇക്കാര്യം പറഞ്ഞത്. ചിത്രത്തില്‍ താന്‍ സംവിധായകന് ആയിരിക്കുമോ എന്ന് അറിയില്ല, എന്നാല്‍ യഷ് തീര്‍ച്ചയായും കെജിഎഫ് 3യുടെ ഭാഗമായിരിക്കുമെന്നാണ് പ്രശാന്ത് നീല്‍ പറഞ്ഞത്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാണെന്നും സംവിധായകന് കൂട്ടിച്ചേര്‍ത്തു.