കൊച്ചി: പൊതുവേദികളിൽ തനിക്കെതിരെ അശ്ലീല പരാമർശം നടത്തുന്ന വ്യക്തിക്കെതിരെ പരസ്യ വിമർശനവുമായി നടി ഹണി റോസ്. ഒരു വ്യക്തി തുടർച്ചയായി തനിക്കെതിരെ ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയിട്ടും അതിനെതിരെ താൻ പ്രതികരിക്കാത്തത് താൻ അത്തരം പ്രസ്താവനകൾ ആസ്വാദിക്കുന്നത് കൊണ്ടാണോ എന്ന് പലരും എന്നോട്ട് ചോദിച്ചിരുന്നു.
എന്നാൽ ഈ വ്യക്തിയുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കാൻ താൻ വിസമ്മതിച്ചതോടെ ഞാൻ പങ്കെടുക്കുന്ന പരിപാടികളിലെല്ലാം ഇയാൾ മനപൂർവ്വം വരാൻ ശ്രമിക്കുകകയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തുന്നത് തുടരുകയുമാണെന്നും ഹണി റോസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ഹണി റോസിൻ്റെ പോസ്റ്റ് –
ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്മെന്റസ് ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പം ഉള്ളവർ ചോദിക്കുന്നു.
പ്രസ്തുത വ്യക്തി പിന്നീടും ചടങ്ങുകൾക്ക് എന്നെ ക്ഷണിച്ചപ്പോൾ ഞാൻ പോകാൻ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു.
പണത്തിന്റെ ധാർഷ്ട്യത്താൽ ഏതു സ്ത്രീയേയും ഒരാൾക്ക് അപമാനിക്കാൻ കഴിയുമോ, അതിനെ എതിർക്കാൻ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നൽകുന്നില്ലേ എന്ന് ചോദിച്ചാൽ ഇയാളുടെ പ്രവർത്തികളിൽ ഇന്ത്യൻ ശിക്ഷാനിയമത്തിൽ സ്ത്രീകൾക്കെതിരെ ലൈംഗികദ്യോതകമായ (sexually coloured remarks ) ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണ് എന്നാണ് അറിയാൻ സാധിച്ചത്.
ഞാൻ വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്, അതിന് എനിക്ക് പ്രതികരണശേഷി ഇല്ല എന്നർത്ഥം ഇല്ല. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തിൽ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ല.- സോഷ്യൽ മീഡിയോ പോസ്റ്റിൽ ഹണി റോസ് പറയുന്നു.
View this post on Instagram