ബ്രിജ് ഭൂഷിനെതിരായ പരാതിയിൽ ഗുസ്തി താരങ്ങൾ നൽകിയ മൊഴിയുടെ പകർപ്പ് പുറത്ത്. രണ്ട് ഗുസ്തി താരങ്ങളുടെ മൊഴിയാണ് പുറത്ത് വന്നത്. ബ്രിജ് ഭൂഷൺ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നും വിവിധയിടങ്ങളിൽ വച്ച് 8 തവണ ലൈംഗികാതിക്രമണത്തിനു ഇരയായിട്ടുണ്ടെന്നുമാണ് മൊഴിയിൽ പറയുന്നത്.
ശ്വാസം പരിശോധിക്കാനെന്ന വ്യാജേനെ ബ്രിജ് ഭൂഷൺ ഗുസ്തി ഫെഡറേഷൻ ഓഫീസിൽ, പരിശീലന കേന്ദ്രങ്ങളിൽ, വിവിധ ടൂർണമെന്റ് നടക്കുന്നയിടങ്ങളിൽ, തുടങ്ങി 8 സ്ഥലങ്ങളിൽ വച്ചു ലൈംഗികാതിക്രമണം നടത്തിയെന്നാണ് മൊഴി. സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുക, ആസ്വാദനത്തോടെ ദേഹത്ത് തടവുക,അനുചിതമായി സ്പർശിക്കുക തുടങ്ങി ഒട്ടേറെ ആരോപണങ്ങളാണ് ബ്രിജ് ഭൂഷണെതിരെ താരങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഏപ്രിൽ 21 നു ഡൽഹി കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനിലാണ് രണ്ട് വ്യത്യസ്ത പരാതികൾ ഫയൽ ചെയ്തിട്ടുള്ളത്.
രാഷ്ട്രീയപരമായും ഗുസ്തി ഫെഡറേഷനിലും വ്യക്തമായ സ്വാധീനമുള്ള വ്യക്തിയെന്ന നിലയിൽ ബ്രിജ് ഭൂഷണെതിരെ പരാതി നൽകാൻ ആദ്യം ഭയന്നിരുന്നുവെന്നും മൊഴിയിൽ പറയുന്നു. കരിയറിൽ തടസ്സങ്ങളുണ്ടാകുമോയെന്ന ഭയം കാരണം കൂടെയാണ് ശാരീരികവും മാനസികവുമായ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടും നേരത്തെ പരാതികൊടുക്കാതിരിക്കാനുള്ള കാരണമെന്നും ഇവർ പറയുന്നു.
ചുരുങ്ങിയത് അഞ്ചുതവണയെങ്കിലും തനിക്കെതിരെ ബ്രിജ് ഭൂഷൺ ലൈംഗികാതിക്രമണം നടത്തിയതായി ആദ്യ പരാതിക്കാരി പറഞ്ഞു. 2016 ൽ നടന്ന ഒരു ടൂർണ്ണമെന്റിനിടെ ഒരു റെസ്റ്റാറ്റാന്റിൽ വച്ച് ബ്രിജ് ഭൂഷൺ ഭക്ഷണം കഴിക്കാൻ അടുത്തിരിക്കാൻ ക്ഷണിക്കുകയും തുടർന്ന് മാറിടത്തിലും വയറിലും സ്പർശിച്ചുവെന്നുമാണ് മൊഴി.. 2019 ൽ നടന്ന മറ്റൊരു ടൂർണ്ണമെന്റിനിടെയും സമാന രീതിയിൽ ലൈംഗികാതിക്രമണത്തിനിരയായതായും പരാതിക്കാരി പറഞ്ഞു.
ഡൽഹി 21 , അശോകയിലുള്ള എം പി ബംഗ്ലാവിനകത്തെ അദ്ദേഹത്തിന്റെ ഓഫീസിൽ വിളിപ്പിക്കുകയും അനുമതിയില്ലാതെ ദേഹത്ത് സ്പർശിച്ചെന്നും പിന്നീട് രണ്ട് ദിവസങ്ങൾക്ക് ശേഷം WFI ഓഫീസിലേക്ക് വീണ്ടും വിളിപ്പിക്കുകയും ശ്വാസോച്ഛാസം പരിശോദിക്കാനെന്ന വ്യാജേനെ മാറിടത്തിലും മറ്റും കൈവെയ്ക്കുകയും ചെയ്തു.
2018 ൽ ഒരു ടൂർണ്ണമെന്റിനിടെ ഏറെ സമയം കെട്ടിപ്പിടിക്കുകയും മറ്റൊരു ടൂർണ്ണമെന്റിനിടെ കെട്ടിപ്പിടിച്ചപ്പോൾ മാറിടത്തിൽ സ്പർശിച്ചത് കാരണം കുതറി മാറേണ്ടി വന്നിരുന്നുവെന്നും പരാതിക്കാരി പോലീസിന് നൽകിയ മൊഴിയിൽ വിശദീകരിക്കുന്നു.
രണ്ടാം പരാതിക്കാരിക്ക് ആദ്യ ദുരനുഭവമുണ്ടായത് പരിശീലനത്തിനിടെയായിരുന്നു. പരിശീലനത്തിനിടെ ബ്രിജ് ഭൂഷൺ ജേഴ്സി പൊക്കിയതായാണ് യുവതിയുടെ മൊഴി. 2018 ൽ ശ്വാസം പരിശോധിക്കാനെന്ന പേരിൽ മാറിടത്തിലും വയറിലും സ്പർശിച്ചുവെന്നും പരാതിയിൽ പറയുന്നു. WFI ഓഫീസിൽ വിളിപ്പിക്കുകയും മറ്റുള്ളവരെ അവിടെ നിന്നും പറഞ്ഞയച്ച ശേഷം സമ്മതമില്ലാതെ ദേഹത്ത് സ്പർശിക്കാൻ ശ്രമിച്ചുവെന്നുമാണ് രണ്ടാം പരാതിക്കാരിയുടെ മൊഴി.
എന്നാൽ ഈ മൊഴികളുടെ അടിസ്ഥാനത്തിൽ ബ്രിജ് ഭൂഷണെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്താൻ സാധിക്കുമായിരുന്നിട്ട് കൂടി പോലീസ് ഇതുവരെ അത്തരം നീക്കങ്ങളിലേക്ക് കടന്നില്ലായെന്നും മജിസ്ട്രേറ്റിനു മുന്നിൽ മൊഴി രേഖപ്പെടുത്താൻ വരെ ഇത് വരെ അവസരമൊരുക്കിയില്ലെന്നും ബ്രിജ് ഭൂഷണെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ ഉന്നയിച്ചു.
ബ്രിജ് ഭൂഷണിന്റെ അറസ്റ്റ് രേഖപ്പെടുത്തും വരെ വിവിധ മഹിളാ സമാജങ്ങളുമായി സഹകരിച്ച് പ്രതിഷേധം ശക്തിപ്പെടുത്താനാണ് തങ്ങളുടെ തീരുമാനം എന്നും ഗുസ്തി താരങ്ങൾ അറിയിച്ചു.