മസ്ക്കറ്റില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ചിറകിന് തീപിടിച്ചു. ഇന്നുച്ചയോടെയായിരുന്നു മസ്ക്കറ്റ് വിമാനത്താവളത്തില്‍ വച്ച് അപകടമുണ്ടായത്. വിമാനം പുറപ്പെടാൻ കുറച്ചു സമയം മാത്രം ബാക്കി നിൽക്കേ എഞ്ചിൻ നമ്പർ രണ്ടിലെ ചിറകില്‍ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. ഉടന്‍ തന്നെ എമര്‍ജന്‍സി ഡോര്‍ വഴി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയതു മൂലം വലിയ അപകടം ഒഴിവാക്കാൻ സാധിച്ചുവെന്ന് എയർലൈൻ വൃത്തങ്ങൾ അറിയിച്ചു.
141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. തൽക്ഷണം നടത്തിയ രക്ഷാ പ്രവർത്തനം മൂലം ആര്‍ക്കും പരിക്കുകളില്ല. അതേസമയം കൊച്ചിയിലേക്കുള്ള യാത്ര പുനസ്ഥാപിക്കുന്നതിന് എയർ ഇന്ത്യയുടെ തന്നെ മറ്റു രണ്ട് വിമാനങ്ങൾ ക്രമീകരിക്കുകയും ചെയ്തു. മറ്റു പരിശോധനകൾക്കായി സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. അന്വേഷണത്തിനു ശേഷം ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.