ഡൽഹി: പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ച പ്രധാനമന്ത്രി പ്രതിപക്ഷം ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് പ്രവർത്തിക്കുന്നില്ലെന്നും ,സ്വാർത്ഥ താൽപര്യമാണുളളതെന്നും ആരോപിച്ചു. അധികാരക്കൊതിയുളളവരെ ജനങ്ങൾ തളളിയെന്നും ജനങ്ങളുടെ ശബ്ദം പാർലമെന്റിൽ ഉയർത്താൻ ഇത് വരെ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഞ്ഞടിച്ചു. ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാർഷികം രാജ്യം ആഘോഷിക്കുകയാണ്.
ഭരണഘടനയുടെ പ്രാധാന്യം ഓരോ അംഗങ്ങളും ഉൾക്കൊള്ളണം.യുവ എം പിമാരെ സംസാരിക്കാൻ പ്രതിപക്ഷം അനുവദിക്കുന്നില്ലെന്നും മോദി.26-ന് ഭരണഘടനാദിനാചരണത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പഴയ പാർലമെന്റ് മന്ദിരമായ സംവിധാൻ സദനിലെ സെൻട്രൽഹാളിൽ നടക്കുന്ന ചടങ്ങിൽ ഇരുസഭകളിലെയും എം.പി.മാരെ അഭിസംബോധനചെയ്യും.
ഭരണഘടനയുടെ 75-ാം വാർഷികത്തിന്റെ ഭാഗമായി ഒരുവർഷം നീളുന്ന ആഘോഷപരിപാടികൾക്കും 26-ന് തുടക്കമാകും.