ബോളിവുഡ് സൂപ്പർ താരങ്ങൾ മലയാളത്തിൽ അഭിനയിച്ചാൽ സ്വീകാര്യത ലഭിക്കില്ലെന്ന് പൃഥ്വിരാജ്. ഷാരൂഖാൻ മംഗലശേരി നീലകണ്ഠനാവുമോയെന്നും അങ്ങനെ സംഭവിച്ചാൽ മലയാളികൾ എത്രമാത്രം ഏറ്റെടുക്കുമെന്നും പൃഥ്വിരാജ് ചോദിച്ചു. എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിലായിരുന്നു പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.
പൃഥ്വിരാജിന്റെ വാക്കുകൾ:
“ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർ ഷാരൂഖാൻ നന്നായി മലയാളം പഠിച്ചിട്ട് മംഗലശ്ശേരി നീലകണ്ഠനായി അഭിനയിച്ചാൽ നമ്മൾ സ്വീകരിക്കുമോ? സ്വാഭാവികമായും ഏത് താരം വേറെ ഭാഷയിൽ അഭിനയിച്ചാലും സ്വീകാര്യതയിൽ ആ വ്യത്യാസം ഉണ്ടായിരിക്കും. കാരണം, സൂപ്പർ താരങ്ങളുടെ ഹിന്ദി സിനിമകൾ കാണാത്ത മലയാളികൾ ഉണ്ടാവില്ല. അപ്പോൾ അവർ മലയാളം പറയുമ്പോ സ്വാഭാവികമായും അകൽച്ച ഉണ്ടാവും.
ഓരോ സിനിമയും എന്തുകൊണ്ട് പരാജയപ്പെടുന്നുവെന്ന് കൃത്യമായി കണ്ടെത്താൻ സാധിച്ചിരുന്നുവെങ്കിൽ ഒരു സിനിമയും പരാജയപ്പെടില്ലല്ലോ. അത് കൃത്യമായി അളക്കാൻ അസാധ്യമാണ്. ഡോൾഡ് പരാജയപ്പെടാനുള്ള കാരണവും കൃത്യമായി പറയാൻ കഴിയില്ല. വിജയവും പരാജയവും ഒരുപോലെ കാണേണ്ടതാണ്. വരാനിരിക്കുന്ന കാപ്പ സിനിമ വിജയിച്ചാലും ഇല്ലെങ്കിലും എനിക്ക് ഒരുപോലെയാണ്. വിജയങ്ങളുടെ ലഹരിയിലും പരാജയങ്ങളുടെ ആഴങ്ങളിലും പെട്ടുപോകാൻ വളരെ എളുപ്പമാണ്. രണ്ടിനേയും ഒരുപോലെ കാണുക എന്നതാണ് പ്രധാനം.
സൂപ്പർ സ്റ്റാർ പദവി നിലനിൽക്കുന്ന ഒന്നാണ്. അതിന് പരിണാമം സംഭവിക്കുന്നുവെന്ന് മാത്രം. മമ്മൂട്ടിയേപ്പോലെയും മോഹൻ ലാലിനേപ്പോലെയും ആകണമെന്ന് ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നുണ്ട്. അതുപോലെ തന്നെ പൃഥിരാജിനെ പോലെ ആകണമെന്ന് ചിന്തിക്കുന്നവരും സ്വാഭാവികമായി ഉണ്ടാവും.
വിമർശനങ്ങൾ നിരന്തരം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. തുടക്ക കാലത്ത് നിരവധി സിനിമകൾ പരാജയമായിരുന്നു. പിന്നീടും എന്നിൽ പ്രതീക്ഷ അർപ്പിച്ച് സിനിമകൾ വന്നിട്ടുണ്ടായിരുന്നു. എത്രത്തോളം നിരുൽസാഹപ്പെടുത്തിയോ അത്രത്തോളം തന്നെ പ്രോത്സാഹനവും ലഭിച്ചിട്ടുണ്ട്. എത്തിപ്പെടണം എന്ന് ആഗ്രഹിച്ചിടത്ത് എത്തിപ്പെടുന്നതിലും ബുദ്ധിമുട്ടുള്ള കാര്യം ലഭിച്ച സ്ഥാനം നിലനിർത്തുകയെന്നതാണ്”.