തിങ്കളാഴ്ച നാഗാലാൻഡിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ നാലു സ്ത്രീകൾ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നു. നാഗാലാൻഡിന്റെ നിയമസഭ ചരിത്രത്തിൽ ഇതുവരെ ഒരു വനിത നിയമസഭാംഗം ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഇവരിൽ ആര് ജയിച്ചാലും വടക്ക് കിഴക്കൻ സംസ്ഥാനമായ നാഗാലാൻഡിൽ പുതുചരിത്രമാകും.
60 അംഗ നിയമസഭയിലേക്കുള്ള 183 സ്ഥാനാർഥികളിൽ നാലു പേർ മാത്രമാണ് സ്ത്രീകൾ. എൻഡിപിപിയുടെ ഹേഖാനി ജഖാലു ദിമാപുർ-III സീറ്റിലും കോൺഗ്രസിന്റെ റോസി തോംസൺ ടെനിങ് മണ്ഡലത്തിലും മത്സരിക്കുന്നുണ്ട്. കൂടാതെ എൻഡിപിപിയുടെ സൽഹൗതുവോനുവോ വെസ്റ്റേൺ അൻഗാമിയിലും ബിജെപിയുടെ കാഹുലി സേമ അറ്റോയിസുവിലും സ്ഥാനാർഥികളായി ജനവിധി തേടുന്നുണ്ട്.
അതേസമയം സംസ്ഥാനത്തെ 13.17 ലക്ഷം വോട്ടർമാരിൽ 6.56 ലക്ഷവും സ്ത്രീകളാണ്. എന്നാൽ നിയമസഭയിൽ സ്ത്രീകളെ വിജയിപ്പിച്ചിട്ടില്ലെങ്കിലും വനിത പാർലമെന്റംഗത്തെ തെരഞ്ഞെടുത്ത ചരിത്രമുണ്ട് നാഗാലാൻഡിന്. 1977ലെ തെരഞ്ഞെടുപ്പിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി ടിക്കറ്റിൽ നിന്ന റാനോ മെസെ ഷാസിയ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.