ബെംഗളൂരു: അധികാരമേറ്റതിന് പിന്നാലെ കർണാടകയിൽ വർധിത വീര്യത്തോടെ സംഘപരിവാർ സംഘടനകൾക്കെതിരെ കോൺഗ്രസ്. സംസ്ഥാനത്ത് സാമുദായിക സൗഹാർദം തകർക്കാൻ ശ്രമിച്ചാൽ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) ഉൾപ്പെടെയുള്ള ഒരു സംഘടനയെയും നിരോധിക്കാൻ സിദ്ധരാമയ്യ സർക്കാർ മടിക്കില്ലെന്ന് മന്ത്രി പ്രിയങ്ക് ഖർഗെ ബുധനാഴ്ച പറഞ്ഞു.
‘ഏതെങ്കിലും മത-രാഷ്ട്രീ സംഘടനകൾ സംസ്ഥാനത്തെ സമാധാനം തകർക്കാനോ വർഗീയ വിദ്വേഷം പരത്താനോ കർണാടകയ്ക്ക് അപകീർത്തി വരുത്താനോ ശ്രമിച്ചാൽ അവരെ നിയമപരമായി നേരിടാനോ നിരോധിക്കാനോ ഞങ്ങളുടെ സർക്കാർ മടിക്കില്ല. അത് ആർഎസ്എസായാലും മറ്റേതെങ്കിലും സംഘടനയായാലും’ പ്രിയങ്ക് ഖാർഗെ ട്വിറ്ററിൽ കുറിച്ചു. .”
ബിജെപി സർക്കാർ കൊണ്ടു വന്ന വിവാദബില്ലുകൾ സിദ്ധരാമയ്യ സർക്കാർ പുനപരിശോധിക്കുമെന്ന് നേരത്തെ പ്രിയങ്ക് ഖർഗെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ സ്കൂൾ സിലബസുകളിലും വിവിധ ആഘോഷങ്ങളിലും കർണാടക സർക്കാർ കൊണ്ടു വന്ന പരിഷ്കരാങ്ങളും പുനപരിശോധനയ്ക്ക് വിധേയമാകുമെന്ന് പ്രിയങ്ക് ഖർഗെ പറഞ്ഞു. മുൻ ബിജെപി സർക്കാർ നടപ്പാക്കിയ നയങ്ങളും പരിപാടികളും കോണ്ഗ്രസ് സർക്കാർ തിരുത്തും എന്ന ശക്തമായ സൂചനയാണ് പ്രിയങ്കിൻ്റെ പ്രസ്താവനയിൽ തെളിയുന്നത്.
ബിജെപി സർക്കാരിൻ്റെ എല്ലാ ഉത്തരവുകളും, അതിപ്പോൾ പാഠപുസ്തക പരിഷ്കാരമായാലും ഗോവധ നിരോധനമായാലും മതപരിവർത്തനമായാലും പുനപരിശോധിക്കും കർണാടകയുടെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയെ പിന്നോട്ടടിക്കുന്ന ഏത് നയവും തീരുമാനവും പുനപരിശോധിക്കപ്പെടുക തന്നെ ചെയ്യും. ഇന്ത്യയിലെ ഒന്നാം നമ്പർ സംസ്ഥാനമായി കർണാടകയെ മാറ്റുകയാണ് കോണ്ഗ്രസിൻ്റെ ലക്ഷ്യം, അതിനായുള്ള നിരന്തര പരിശ്രമം സർക്കാരിൽ നിന്നുണ്ടാവുമെന്നും പ്രിയങ്ക് വ്യക്തമാക്കി. എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ മകനാണ് പ്രിയങ്ക് ഖർഗെ.
2021 ജനുവരിയിലാണ് സമ്പൂർണ ഗോവധ നിരോധന നിയമം കർണാടകയിൽ ബിജെപി സർക്കാർ നടപ്പാക്കിയത്. ഈ നിയമം അനുസരിച്ച് അസുഖം ബാധിച്ചതും 13 വയസ്സിലേറെ പ്രായമുള്ളതുമായ കന്നുകാലികളെ മാത്രമേ കൊല്ലാൻ പാടുള്ളൂ. ഇതു കാരണം കറവ വറ്റിയതും പ്രായമായതുമായ കന്നുകാലികളെ വിറ്റൊഴിക്കാൻ സാധിക്കാതെ കർഷകർ പ്രതിസന്ധിയിലായിരുന്നു.
നേരത്തെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് പ്രകടനപത്രികയിൽ ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഈ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ആർഎസ്എസും ബിജെപിയും രംഗത്ത് വരികയും ചെയ്തിരുന്നു.
ബജ്റംഗ്ദൾ നിരോധന വിഷയത്തിൽ കോൺഗ്രസ് പാർട്ടിയെ കടന്നാക്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്ത് എത്തിയിരുന്നു, “ആദ്യം അവർ (കോൺഗ്രസ്) രാമനെ പൂട്ടിയിട്ടു, ഇപ്പോൾ അവർ ജയ് ബജ്റംഗ് ബലി വിളിക്കുന്നവരെ പൂട്ടുമെന്ന് പ്രതിജ്ഞയെടുത്തു എന്നായിരുന്നു മോദിയുടെ പരാമർശം. രാമനുമായി കോൺഗ്രസിന് പ്രശ്നമുണ്ടായിരുന്നു, ഇപ്പോൾ ജയ് ബജ്റംഗ് ബലി പറയുന്നവരുമായി കോൺഗ്രസിന് ബുദ്ധിമുട്ട് നേരിടുന്നത് രാജ്യത്തിന്റെ ദൗർഭാഗ്യമാണെന്നും കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി പറഞ്ഞിരുന്നു.