ഷാർജ: വാടകസൂചിക ദുബായിലും അബുദാബിയിലും വന്നതിന് പിന്നാലെ ഷാർജയിലും നിലവിൽ വരുന്നു.കെട്ടിടവാടക വർധന നിയന്ത്രിക്കാനും വാടകക്കാരും കെട്ടിട ഉടമകളും തമ്മിലുള്ള തർക്കം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി.ദുബായ്, അബുദാബി എമിറേറ്റുകൾക്കു പിറകെ വാടക സൂചിക കൊണ്ടുവരുന്ന മൂന്നാമത്തെ എമിറേറ്റായിരിക്കും ഷാർജ.പ്രദേശത്തിന്റെ പ്രാധാന്യവും വിപണി നിലവാരവും ജനസാന്ദ്രതയും നോക്കിയാവും ഇനി വാടക നിശ്ചയിക്കുക.
അതിർത്തി പ്രദേശമായ അൽനഹ്ദ, അൽവഹ്ദ ഭാഗങ്ങളിലെ വാടക ദുബായിലേതിനെക്കാൾ വലിയ വ്യത്യാസമില്ലാതാകുകയും ഷാർജയിലേക്കുള്ള ഗതാഗതക്കുരുക്ക് വർധിക്കുകയും ചെയ്തതോടെ പലരും ദുബായിലേക്കു താമസം മാറ്റിയിരുന്നു. പുതിയ റെന്റൽ ഇൻഡെക്സിലൂടെ ഷാർജയിലെ വാടക കുറഞ്ഞാൽ ദുബായിൽനിന്നുള്ള താമസക്കാരുടെ ഒഴുക്കു കൂടും.
പകരം വാടക വർധിച്ചാൽ ദുബായിലേക്കു തിരിച്ചുപോക്കുമുണ്ടാകും.ഈ മാസം 22ന് ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന എക്സിബിഷനിൽ വാടക സൂചിക പുറത്തിറക്കാനാണ് പദ്ധതി.വാടക വർധനയ്ക്ക് കടിഞ്ഞാണിട്ട് അബുദാബിയിൽ 2024 ഓഗസ്റ്റിലും ദുബായിൽ ഈ മാസം ആദ്യവും വാടക സൂചിക ആരംഭിച്ചിരുന്നു.