ടെൽഅവീവ്: ലോകത്തെ ഏറ്റവും മികച്ച ചാരസംഘടന എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇസ്രയേൽ ചാരസംഘടനയായ മൊസാദിന് അപ്രതീക്ഷിത പ്രഹരമായി മാറിയിരിക്കുകയാണ് രാജ്യത്തിനകത്ത് പ്രവേശിച്ച് ഹമാസ് നടത്തിയ ആക്രമണം. ശത്രുക്കളെ നിഴൽ പോലെ പിന്തുടരുന്ന മൊസാദിന് ഇത്രയും വലിയൊരു ആക്രമണത്തിന് ഹമാസ് പദ്ധതിയിട്ടതിനെക്കുറിച്ച് യാതൊരു സൂചനയും കിട്ടിയില്ലെന്ന് വിശ്വസിക്കാൻ ആർക്കും സാധിക്കുന്നില്ല.
പലസ്തീൻ തീവ്രവാദ ഗ്രൂപ്പുകൾക്കുള്ളിലും ലെബനനിലും സിറിയയിലും മറ്റിടങ്ങളിലും മൊസാദിന് ചാരൻമാരുണ്ടെന്നാണ് പറയപ്പെടുന്നത്. മുൻകാലങ്ങളിൽ, തീവ്രവാദി നേതാക്കളുടെ എല്ലാ നീക്കങ്ങളും ചോർത്തിയെടുക്കുകയും പലരേയും യാതൊരു തെളിവും ബാക്കിവയ്ക്കാതെ ഇല്ലാതാക്കുകയും ചെയ്ത ചരിത്രമാണ് മൊസാദിനുള്ളത്. ലക്ഷ്യമിടുന്ന വ്യക്തികളുടെ വാഹനങ്ങളിൽ ജിപിഎസ് ട്രാക്കർ സ്ഥാപിച്ച് ഡ്രോണുകൾ ഉപയോഗിച്ച് മിസൈലാക്രമണത്തിലൂടെ വധിക്കുന്നതടക്കം പല കളികളും മൊസാദ് കളിച്ചിട്ടുണ്ട്. അത്രയും തന്ത്രജ്ഞരായ രഹസ്യാന്വേഷണ സേനയും പ്രതിരോധസേനയും ഉണ്ടായിട്ടും ഹമാസിനെ നേരിടാനാവാതെ പതറുകയാണ് ഇസ്രയേൽ.
പാലസ്തീൻ അതിർത്തിയിൽ ഉടനീളം ഇസ്രയേലിന് അതിർത്തിവേലിയും ക്യാമറകളും ഗ്രൗണ്ട് മോഷൻ സെൻസറുകളുമുണ്ട്. അതിത്തിയിലുടനീളം സൈനിക പട്രോളിംഗും സ്ഥിരമാണ്. എന്നിട്ടും പലയിടത്തും ബുൾഡോസർ ഉപയോഗിച്ച് ഹമാസിൻ്റെ ആളുകൾ വേലി തകർത്ത് അകത്തെത്തി. പല ഹമാസുകാരും പാരാഗ്ലൈഡർ ഉപയോഗിച്ചും ഇസ്രയേലിൽ പ്രവേശിച്ചു. ഇസ്രായേലികളുടെ മൂക്കിന് താഴെ ആയിരക്കണക്കിന് റോക്കറ്റുകൾ വെടിക്കോപ്പുകളും സംഭരിക്കാനും കഴിഞ്ഞ മണിക്കൂറുകളിൽ അതുവച്ച് രൂക്ഷമായ വെടിവയ്പ്പും മിസൈലാക്രമണം നടത്തുവാനും ഹമാസിന് സാധിച്ചു. ഇത്രയും ആളുകളേയും യുദ്ധസാമാഗ്രഹികളേയും ഹമാസ് സംഘടിപ്പിക്കുന്നതും ഇത്രയും ഭീകരമായ ഒരു ആക്രമണത്തിന് ഒരുങ്ങുകയും ചെയ്യുന്നത് മൊസാദ് അറിഞ്ഞില്ല എന്നതാണ് രസകരം.
നിലവിൽ രാജ്യം ഒറ്റക്കെട്ടായി ഹമാസിനെതിരെ അണിനിരക്കുന്നുവെങ്കിലും പല ഇസ്രയേലി മാധ്യമങ്ങളും ഈ സുരക്ഷാവീഴ്ചയെ ചോദ്യം ചെയ്ത് രംഗത്ത് എത്തിക്കഴിഞ്ഞു. രാജ്യത്തെ സുപ്രീംകോടതിയെ സർക്കാരിനെ പാവയാക്കി മാറ്റുന്ന തരത്തിൽ ബെഞ്ചമിൻ നെതന്യാഹു സർക്കാർ സമീപകാലത്ത് ചില നിയമനിർമ്മാണംനടത്തിയിരുന്നു. ഇതിനെതിരെ രാജ്യത്ത് ബഹുജന പ്രക്ഷോഭം ശക്തമാണ്. ഇതിനിടെയാണ് ഇങ്ങനെയൊരു ആക്രമണം.
ഒന്നല്ല പലതരം അടിയന്തര സാഹചര്യങ്ങളാണ് ഇസ്രയേലിന് മുൻപിൽ ഇപ്പോഴുള്ളത്. രാജ്യത്തിനകത്തേക്ക് പല വഴികളിലൂടെ പ്രവേശിച്ച ഹമാസ് സംഘത്തെ തുരത്തണം. ഹമാസ് തട്ടിക്കൊണ്ടുപോയവരേയും ബന്ദികളാക്കിയവരേയും മോചിപ്പിക്കണം. സുരക്ഷാവീഴ്ചയുടെ കാരണങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കണം. ഹമാസിനെതിരെ പ്രതികാരം ചെയ്യണം… ബന്ദികളുടെ മോചനത്തിന് കമാൻഡോ ഓപ്പറേഷനുകളോ ഒത്തുതീർപ്പ് ചർച്ചകൾക്കോ ഇസ്രയേൽ സർക്കാർ തയ്യാറായേക്കാം. എന്നാൽ മറ്റൊരു വെല്ലുവിളി കൂടി നിലവിൽ ഇസ്രായേലിന് മുന്നിലുണ്ട്.
ഇസ്രയേലിനെതിരെ യോജിച്ചു പോരാടാനുള്ള ഹമാസിൻ്റെ ആഹ്വാനത്തോട് മറ്റു തീവ്രവാദസംഘടനകളും രാജ്യങ്ങളും എങ്ങനെ പ്രതികരിക്കും എന്നതാണ് അത്. നിലവിൽ നടക്കുന്ന പോരാട്ടത്തിൽ ഇതുവരെ ഹമാസിന് മേലൊരു കൈ ഇസ്രയേലിന് ലഭിച്ചിട്ടില്ല. ഇതിനിടെ ലെബനുമായി അതിരിടുന്ന വടക്കൻ അതിർത്തിയിൽ നിന്നും ഹിസ്ബുള്ളയുടെ തീവ്രവാദികൾ കൂടി ആക്രമണത്തിന് ഒരുമ്പെട്ടാൽ അതു വലിയ വെല്ലുവിളിയാവും ഈ ജൂതരാഷ്ട്രത്തിനുണ്ടാക്കുക.