തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെൻഷനുകൾ വർധിപ്പിക്കാൻ സർക്കാറിന് പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ അഞ്ച് മാസത്തെ കുടിശ്ശികയുണ്ട്. അത് കൊടുത്തു തീർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാരുണ്യ, സപ്ലൈകോ കുടിശ്ശികകളും കൊടുത്തു തീർക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ചട്ടം 300 അനുസരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സർക്കാർ ജീവനക്കാരുട ഡിഎ കുടിശ്ശികയിൽ പ്രത്യേക ഉത്തരവ് ഇറക്കും. ഓരോ സാമ്പത്തിക വർഷവും രണ്ട് ഗഡു വീതം കൊടുത്ത് കുടിശ്ശിക തീർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ സാമൂഹ്യക്ഷേമ പെൻഷനുകളുടെ അഞ്ചുഗഡുക്കൾ കുടിശ്ശികയാണ്.
സാമൂഹ്യ ക്ഷേമ പെൻഷൻ കുടിശ്ശിക തീർത്തും നൽകണമെന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നിലവിൽ ഈ ഇനത്തിൽ 4,250 കോടി രൂപയാണ് കുടിശ്ശികയായുള്ളത്. 2024-25 സാമ്പത്തിക വർഷത്തിൽ കുടിശ്ശികയുടെ ഭാഗമായി 1,700 കോടി രൂപ വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.