ഷാർജയിൽ ബഹുനില കെട്ടിടത്തിന്റെ 13ാം നിലയിലെ ജനാലയിൽ കുടുങ്ങിയ അഞ്ചുവയസ്സുകാരനെ രക്ഷിച്ച് വാച്ച്മാൻ. നേപ്പാൾ സ്വദേശി മുഹമ്മദ് റഹ്മത്തുള്ളയാണ് അഞ്ച് വയസ്സുള്ള ഫാറൂഖ് മുഹമ്മദിന് രക്ഷകനായെത്തിയത്. പ്രഭാതഭക്ഷണം വാങ്ങാനായി കുട്ടിയെ അപ്പാർട്ട്മെന്റിൽ തനിച്ചാക്കി അമ്മ പുറത്തുപോയ സമയത്തായിരുന്നു അപകടം. താമസ സ്ഥലത്തെ 13ാം നിലയിലെ ജനലിൽ തൂങ്ങിക്കിടന്ന കുട്ടിയെ കണ്ടതോടെ വാച്ച്മാൻ സമയോചിതമായി ഇടപെടൽ നടത്തുകയും കുട്ടിയെ പുറത്തെടുക്കുകയുമായിരുന്നു.
ഇന്നലെ രാവിലെ അറ്റകുറ്റപണികൾ ചെയ്യുന്നതിനിടെയാണ് 13ാം നിലയിൽ കുട്ടി കുരുങ്ങി കിടക്കുന്നത് വാച്ച്മാന്റെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ മുഹമ്മദ് റഹ്മത്തുള്ള അത്യാഹിത വിഭാഗത്തെ അറിയിക്കുകയും കുട്ടി വീണാൽ പിടിക്കാൻ കെട്ടിടത്തിന്റെ അടിയിൽ നെറ്റ് വിരിച്ച് നിൽക്കാൻ സമീപത്തെ തൊഴിലാളികളോട് ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് റഹ്മത്തുള്ള തൊഴിലാളികളുമായി അകത്തേക്ക് കയറി. ഇതിനിടയിൽ കുട്ടിയുടെ പിതാവിനെയും വിളിച്ചു. പിതാവിന്റെ അനുമതിയോടെ വാച്ച്മാനും സംഘവും ഫ്ലാറ്റിന്റെ വാതിൽ തകർത്ത് അകത്ത് പ്രവേശിച്ചു. ജനലിൽ കുരുങ്ങിയ കുട്ടിയുടെ കയ്യിൽ പിടിച്ച് സുരക്ഷിതസ്ഥാനത്തേക്ക് വലിച്ചെടുത്തു. വിവരമറിഞ്ഞ് ഷാർജ സിവിൽ ഡിഫൻസ് ജീവനക്കാർ സംഭവസ്ഥലത്തെത്തിയപ്പോഴേക്കും കുട്ടി സുരക്ഷിതനായി കുടുംബത്തിന്റെ വീട്ടിലേക്ക് മടങ്ങി.