കൊച്ചിയില്‍ ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന് പരാതി ഉയര്‍ന്നതിന് പിന്നാലെ അതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ആറ് പേര്‍ക്ക് കൂടി ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതായി കണ്ടെത്തല്‍. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഹോട്ടലില്‍ നിന്ന് ഷവര്‍മ, അല്‍ഫാം തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളോടെ വിവിധ ആശുപത്രിയില്‍ ചികിത്സ തേടിയത്.

സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഇവരുടെ പക്കല്‍ നിന്നും പ്രാഥമിക വിവരശേഖരണം നടത്തി. ആറ് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. കാക്കനാട് പ്രദേശത്തുള്ളവരാണ് ചികിത്സ തേടിയവര്‍.

ഷവര്‍മ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രാഹുല്‍ ഡി നായര്‍ എന്ന 24കാരന് മരണപ്പെടുന്നത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ യുവാവിന് ഹൃദയാഘാതം സംഭവിച്ചിരുന്നെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടന്‍ തന്നെ ആരോഗ്യസ്ഥിതി വഷളായിരുന്ന രാഹുലിനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
കോട്ടയം സ്വദേശിയായ രാഹുല്‍ കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയിലെ ജീവനക്കാരനായിരുന്നു. ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് രാഹുലിനെ ചികിത്സിച്ചതെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
കാക്കനാട് മാവേലിപുരത്തെ ലെ ഹയാത്ത് ഹോട്ടലില്‍ നിന്ന് വെള്ളിയാഴ്ചയാണ് രാഹുല്‍ ഷവര്‍മ കഴിച്ചത്. ഷവര്‍മ കഴിച്ച് കുറച്ച് സമയത്തിനുള്ളില്‍ തന്നെ യുവാവിന് അസ്വസ്തതകള്‍ ഉണ്ടായതായാണ് ഒപ്പം താമസിച്ചവര്‍ പറഞ്ഞത്.
രാഹുലിന്റെ രക്തം അമൃത ആശുപത്രിയില്‍ പരിശോധിച്ചതില്‍ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട സാല്മൊണമല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നതായി അധികൃതര്‍ അറിയിച്ചു. അതേസമയം ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് ലഭ്യമായ ശേഷമേ ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് പറഞ്ഞു.
