വിഴിഞ്ഞം സമര സമിതി പ്രശ്നപരിഹാരത്തിന് ഇടപെടൽ തേടി സിപിഐഎം ജില്ലാ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തി. ഉന്നയിക്കുന്ന ആവശ്യങ്ങളിൽ നിന്നും കടുംപിടുത്തം ഒഴിവാക്കാൻ തയ്യാറാണെന്ന് സമരസമിതി അറിയിച്ചു. അതേസമയം മന്ത്രിസഭാ ഉപസമിതിക്ക് മുന്നിൽ വച്ച കടുത്ത നിലപാടിലും അയവ് വരുത്തിയത് സംബന്ധിച്ച കത്ത് നൽകിയിട്ടുണ്ട്.
സമരം നീണ്ടുപോകുന്നത് അവസാനിപ്പിക്കുകയാണ് ഈ ഘട്ടത്തിൽ സമരസമിതിയും കരുതുന്നത്. അതുകൊണ്ട് തന്നെ സിപിഐഎമ്മുമായി ഇടപെടൽ നടത്തിയതിനു ശേഷം നിലപാടുകളിൽ അയവ് വരുത്തി. കഴിഞ്ഞ ദിവസമാണ് മന്ത്രി വി ശിവൻകുട്ടി, സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂർ നാഗപ്പൻ, കോവളം ഏരിയ സെക്രട്ടറി തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം മന്ത്രിയുടെ വസതിയിൽ ചർച്ച നടത്തിയത്. ഈ ചർച്ചയിൽ അനുനയത്തിനൊരുക്കമാണെന്ന കൃത്യമായ വിവരങ്ങൾ കത്തായി തന്നെ രേഖാമൂലം മന്ത്രിക്കും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിനും സമര സമിതി നൽകി.
തമിഴ്നാടിന്റെ മാതൃകയിൽ മണ്ണെണ്ണ സബ്സിഡി വേണം എന്നുള്ളതായിരുന്നു സമരസമിതിയുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. എന്നാൽ ഇപ്പോൾ കൊടുക്കുന്ന ഇരുപത്തിയഞ്ച് രൂപയിൽ നിന്ന് പത്ത് രൂപ വർധിപ്പിച്ച് മുപ്പത്തി അഞ്ച് രൂപ സബ്സിഡി നൽകണം എന്നതാക്കി മാറ്റി. കൂടാതെ കാലാവസ്ഥാ വ്യതിയാനം മൂലം തൊഴിൽ നഷ്ടപ്പെടുന്ന ദിവസങ്ങളിൽ അഞ്ഞൂറ് രൂപയെങ്കിലും മിനിമം കൂലി നൽകണം എന്നും ആവശ്യപ്പെട്ടു. അതേസമയം അതിന് പകരം ഇരുന്നൂറ് രൂപ നൽകണമെന്നാണ് പുതിയ ആവശ്യം. ഇത്തരത്തിൽ ആറ് ആവശ്യങ്ങൾ അംഗീകരിച്ചാൽ ഏഴാമത്തെ പ്രധാന ആവശ്യമായ തുറമുഖ നിർമ്മാണത്തിന്റെ കാര്യം ആലോചിക്കാം എന്ന കാര്യം കൂടി മുന്നോട്ട് വച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്.