താമസ സ്ഥലങ്ങളിൽ നിയമങ്ങൾ ലംഘിക്കുന്നുണ്ടോ എന്ന പരിശോധന ദുബായ് മുനിസിപ്പാലിറ്റി ശക്തമാക്കുന്നു. അവിവാഹിതരോ ഒന്നിലധികം കുടുംബങ്ങളുടെയോ സാന്നിധ്യം സംബന്ധിച്ച നിയമങ്ങൾ നടപ്പിലാക്കുന്നതിനാണ് മുനിസിപ്പാലിറ്റി ഫീൽഡ് പരിശോധന നടത്തുന്നത്.
ദുബായിൽ വാടകയ്ക്കെടുത്ത അപ്പാർട്ട്മെന്റ് ഭൂവുടമകളുടെ അനുമതിയില്ലാതെ മറ്റുള്ളവരുമായി പങ്കിടുന്നത് നിയമ വിരുദ്ധമാണ്. ഇത്തരത്തിൽ ജൂലൈ മാസം ഒരു വില്ല നാല് കുടുംബങ്ങൾക്ക് വീതിച്ചു നൽകിയതിന് 300,000 ദിർഹമാണ് ഭൂവുടമയ്ക്ക് പിഴ അടക്കേണ്ടി വന്നത്. അതേസമയം പ്രോപ്പർട്ടി മാനേജ്മെന്റ് കമ്പനികൾ, കെട്ടിട ഉടമകൾ, വാടകക്കാർ, ഡെവലപ്പർമാർ എന്നിവർ ഒപ്പം താമസിക്കുന്നവരുടെ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന നിർദേശം കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ദുബായ് റസ്റ്റ് ആപ്പ് വഴി രണ്ടാഴ്ച്ചക്കുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കണം.
താമസക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിന് വേണ്ടി നിയമലംഘനങ്ങൾ സംബന്ധിച്ച നിർദേശങ്ങളും മുനിസിപ്പാലിറ്റി തയ്യാറാക്കിയിട്ടുണ്ട്. ഇതുവരെ 19837 ഫീൽഡ് സന്ദർശനങ്ങളാണ് പൂർത്തിയാക്കിയിട്ടുള്ളത്. സന്ദർശനത്തിന് ശേഷം പലരും നിയമങ്ങൾ പാലിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവരുടെ വിവരങ്ങൾ 800900 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.