കോഴിക്കോട് മെഡിക്കൽ കോളേജിലെ പരിപാടിക്കിടെ മൈക്ക് ഓഫായതിനെ തുടർന്ന് മൂർഖൻ പാമ്പിനെ മൈക്കാക്കി സംസാരിച്ച വാവ സുരേഷിന്റെ നടപടി വിവാദത്തിൽ. മെഡിക്കൽ കോളേജ് ക്ലിനിക്കൽ നഴ്സിങ് എഡ്യുക്കേഷനും നഴ്സിങ് സർവീസ് ഡിപ്പാർട്ട്മെൻ്റും സംയുക്തമായി നടത്തിയ പരിപാടിയിൽ വാവ സുരേഷ് സംസാരിക്കവെയായിരുന്നു സംഭവം.
പരിപാടിയിൽ പങ്കെടുത്തവരുടെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദങ്ങൾക്ക് വഴിതെളിച്ചത്. സംഭവത്തിൽ ആശുപത്രിക്കെതിരേയും വാവ സുരേഷിനെതിരേയും രൂക്ഷ വിമർശനം ഉയരുകയാണ്.
ശാസ്ത്രീയമല്ലാത്ത രീതിയിൽ മെഡിക്കൽ കോളേജിൽ പാമ്പിനെ കൊണ്ടുവന്നതും അവതരിപ്പിച്ച രീതിയും നല്ല പ്രവണതയല്ലെന്നാണ് വിദഗ്ധരുടെ വിമർശനം. ക്ലാസ് എടുക്കാനായി ജീവനുളള പാമ്പുകളെയാണ് വാവ സുരേഷ് കൊണ്ടുവന്നതെന്നും ഇത് ശാസ്ത്രീയമല്ലെന്നും ആക്ഷേപമുണ്ട്.
മുൻകരുതില്ലാതെ പാമ്പിനെ പിടിക്കുന്നുവെന്ന ആരോപണം വാവ സുരേഷിനെതിരെ നേരത്തേയും ഉയർന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ മൂർഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിലായിരുന്ന വാവ സുരേഷ് വിദഗ്ധ ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.