വയനാട്: ഉരുൾപൊട്ടലിൽ വൻദുരന്തമുണ്ടായ ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും ഉരുൾപൊട്ടിയതായി സംശയം. ഉച്ചയോടെ പുഴയിലുണ്ടായ മലവെള്ളപ്പാച്ചിൽ ആണ് വീണ്ടും ഉരുൾപൊട്ടലുണ്ടായതായി സംശയിക്കാൻ കാരണമായത്. ഇതേ തുടർന്ന് നാട്ടുകർ അടക്കമുള്ളവരോട് സ്ഥലത്ത് നിന്നും മാറാൻ എൻഡിആർഎഫ് നിർദേശിച്ചു.
രക്ഷാപ്രവർത്തകർ അല്ലാതെ മറ്റാരും തന്നെ ഇപ്പോൾ ദുരിത ബാധിത പ്രദേശങ്ങളിലേക്ക് വരരുതെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. കരസേനയും, വ്യോമസേനയും നാവികസേനയും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിട്ടുണ്ട്.. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും അഗ്നിരക്ഷാസേനയും പൊലീസും ആദ്യം തന്നെ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. ഇവർക്ക് സുഗമമായി രക്ഷാപ്രവർത്തനം നടത്താൻ ജനങ്ങൾ അപകട മേഖലയിൽ നിന്നും മാറണമെന്ന് മന്ത്രി പറഞ്ഞു.
അതേസമയം മുണ്ടകെ ഭാഗത്ത് സൈന്യം എത്തി. നേരത്തെ ദേശീയ ദുരന്തനിവാരണ സേനാ അംഗങ്ങൾ മുണ്ടകെയിൽ പ്രവേശിച്ചിരുന്നു. മുണ്ടകെ, അട്ടമല മേഖലകളിൽ ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ സൈന്യത്തിന്റെ എഞ്ചിനിയറിങ് വിഭാഗം ബദൽ സംവിധാനമൊരുക്കിയേക്കും. സൈന്യത്തിൻ്റെ ബെയ്ലി പാലം നിർമ്മിച്ച് ഗതാഗതം പുനസ്ഥാപിക്കാനാണ് നിലവിലുള്ള പദ്ധതി.
ഏഴിമലയിൽ നിന്ന് നാവിക സേനാ സംഘവും രക്ഷാപ്രവർത്തനത്തിന് മുണ്ടക്കൈ മേഖലയിലേക്കെത്തും. പോലീസ് നായകളുടെയും ഡ്രോണുകളുടെയും സഹായം എത്തിക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി.