അരിക്കൊമ്പനെ തിരിച്ച് ചിന്നക്കനാലില്‍ എത്തിക്കണമെന്ന ആവശ്യവുമായി വാവ സുരേഷ്. ഇത് സംബന്ധിച്ച് അധികാരികള്‍ക്ക് നിവേദനം നല്‍കുമെന്നും വാവ സുരേഷ് പറഞ്ഞു.
വിവിധ ഭാഗങ്ങളില്‍ നിന്നും പതിനാലായിരത്തോളം ഒപ്പുകള്‍ ശേഖരിക്കും. അരിക്കൊമ്പന് വേണ്ട് ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്നും വാവ സുരേഷ് പറഞ്ഞു.
അരിക്കൊമ്പന് ആയുര്‍ ആരോഗ്യ സൗഖ്യങ്ങളേകാന് പഴവങ്ങാടിയില്‍ കൂട്ട പ്രാര്‍ത്ഥന നടന്നിരുന്നു. ഇതില്‍ പങ്കെടുത്താണ് വാവ സുരേഷിന്റെ പ്രതികരണം. അരിക്കൊമ്പന് ആനയെ ഗണപതി ഭഗവാന്റെ രൂപമായി ആണ് കാണുന്നതെന്നും വാവ സുരേഷ് പറഞ്ഞു.
‘കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചിരുന്നു. അരിക്കൊമ്പന് എന്ന ആനയെ ഗണപതി ഭഗവാന്റെ രൂപമായിട്ടാണ് മനസില്‍ കാണുന്നത്. ചിലപ്പോ ആളുകള്‍ക്ക് അന്ധവിശ്വാസമായി തോന്നാം. എന്നാല്‍ ഇത് അന്ധവിശ്വാസമല്ല. ഭഗവാന്റെ പ്രതിരൂപമായ അരിക്കൊമ്പനെ, കേരളത്തില്‍നിന്ന് പിടികൂടി മറ്റേതോ കാട്ടില്‍കൊണ്ട് ഉപേക്ഷിക്കപ്പെട്ട അരിക്കൊമ്പനെ നമ്മുടെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ലക്ഷ്യത്തോടെയാണ് വിനായക ചഥുര്ഥി ദിനത്തില്‍ നാളികേരം ഉടച്ച് പ്രതിഷേധിക്കുന്നത്. ഇത് ഇവിടെ അവസാനിക്കുന്നില്ല. വെറുമൊരു തുടക്കം മാത്രമാണ്. വരും ദിവസങ്ങളില്‍ ഇതൊരു സാഗരമായി മറ്റെല്ലാ ജില്ലകളിലും പ്രതിഷേധമായി മുന്നോട്ടുപോകും. അരിക്കൊമ്പനുവേണ്ടി ഒറ്റക്കെട്ടായി ഏതറ്റംവരെയും മുന്നോട്ടുപോകും. ‘ വാവ സുരേഷ് പറഞ്ഞു.
സേവ് അരിക്കൊമ്പന് എന്ന ബാഡ്ജ് ധരിച്ചാണ് യുണൈറ്റഡ് ഫോറം ഫോര്‍ ആനിമല്‍സ് എന്ന കൂട്ടായ്മ പഴവങ്ങാടിയിലെത്തിയത്.