ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലേക്കുള്ള ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് കാരണം അനിശ്ചിതത്വത്തിലായ പ്രവാസി മലയാളികളുടെ യാത്ര ദുരിതം അവസാനിപ്പിക്കാൻ പ്രവാസി വ്യവസായിയായ സജി ചെറിയാൻ നാളെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കും. കേരളത്തിലേക്ക് ചാർട്ടേഡ് ഫ്ലൈറ്റുകൾക്കുള്ള അനുമതിയാണ് ഹർജിയിലെ പ്രധാന ആവശ്യം.
ഗൾഫ് നാടുകളിൽ വേനലവധിയായതിനാൽ പലരും സ്വന്തം നാടുകളിലേക്ക് അവധിയാഘോഷിക്കാൻ പോകുന്ന സാഹചര്യത്തിലാണ് ഉയർന്ന ടിക്കറ്റ് നിരക്കുമായി വിമാന കമ്പനികൾ യാത്രമുടക്കികളാകുന്ന സാഹചര്യം നില നിൽക്കുന്നത്. ഇതിനെതിരെ പല സംഘടനകളും രംഗത്തെത്തിയിരുന്നെങ്കിലും മതിയായ പരിഹാരം കാണാനായിരുന്നില്ല. ഒടുവിൽ യാത്രാ നിരക്ക് തീരുമാനിക്കുന്നത് വിമാന കമ്പനികളാണെന്നും ഇടപെടാൻ സാധിക്കില്ലായെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു.
കേന്ദ്ര സർക്കാർ കയ്യൊഴിഞ്ഞതോടെയാണ് സംസ്ഥാന സർക്കാരിന്റെയും പ്രവാസി സംഘടനകളുടെയും സഹകരണത്തോടെ മിതമായ നിരക്കിൽ ചാർട്ടേഡ് ഫ്ളൈറ്റുകൾ സർവീസ് നടത്താനെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിക്കുന്നത്.