ജിസിസി രാജ്യങ്ങളിൽ വാക്സിനേഷൻ ഫലപ്രദമാണെന്ന് ഗൾഫ് ഹെൽത്ത് കൗൺസിലിന്റെ കണക്കുകൾ. വാക്സിനേഷൻ മൂലം പകർച്ചവ്യാധികൾ തടയുന്നത് കൂടാതെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുമെന്നും കൗൺസിലെ പഠനത്തിൽ കണ്ടെത്തി.
ഗൾഫ് വാക്സിനേഷൻ ദിനത്തോടനുബന്ധിച്ച് വാക്സിനേഷന്റെ പ്രാധാന്യം വ്യക്തമാക്കുകയായിരുന്നു കൗൺസിൽ.
കോവിഡ് പകർച്ച വ്യാധിയെ പരാജയപ്പെടുത്താനുള്ള ഏറ്റവും നല്ല മാർഗം വാക്സിനേഷനാണെന്ന് യുഎഇയുടെ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (എൻസെമ) റിപ്പോർട്ടുകൾ പ്രകാരം പറയുന്നു. വാക്സിനേഷന്റെ അളവ് കൂടുന്നതിനനുസരിച്ച് പ്രതിരോധശേഷി വർദ്ധിക്കും. വാക്സിനുകൾ രോഗങ്ങൾ തടയുന്നതിനോ അണുബാധയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനോ 99 ശതമാനം വരെ സംരക്ഷണം നൽകുമെന്നും ഗൾഫ് ഹെൽത്ത് കൗൺസിൽ വ്യക്തമാക്കി.
വാക്സിനുകൾ നൽകുന്നതു മൂലം ഡിഫ്തീരിയ, ടെറ്റനസ്, വില്ലൻ ചുമ, ഇൻഫ്ലുവൻസ, അഞ്ചാംപനി തുടങ്ങിയ രോഗങ്ങളിൽ നിന്ന് ഓരോ വർഷവും ഏകദേശം 3.5 മുതൽ 5 ദശലക്ഷം മരണ നിരക്ക് കുറയ്ക്കുന്നു. കൂടാതെ MMR വാക്സിൻ ഒരു ഡോസ് റൂബെല്ലക്കെതിരെ 97 ശതമാനം സംരക്ഷണം നൽകുന്നുവെന്നും കൗൺസിൽ പറയുന്നു. ഹെപ്പറ്റൈറ്റിസ് എ, ഇൻഫ്ലുവൻസ എന്നിവയ്ക്കുള്ള വാക്സിനുകൾ ദീർഘകാലത്തേക്കായി പ്രതിരോധശേഷി നൽകാത്തതിനാൽ, ബൂസ്റ്ററുകളായി ഒരു രോഗിക്ക് ആവശ്യമായി വന്നേക്കാമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.