തിരുവനന്തപുരം സോളാര്‍ പീഡന പരാതിയില്‍ ഹൈബി ഈഡന് എം.പിക്കെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ച് കോടതി. ഹൈബി ഈഡനെ കേസില്‍ കുറ്റവിമുക്തിനാക്കി സിജെഎം കോടതി ഉത്തരവിട്ടു.
ഹൈബി ഈഡനെതിരായ പരാതിയില്‍ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ നേരത്തെ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. റിപ്പോര്‍ട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ഈ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പരാതിക്കാരിയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി നടപടി.
അതേസമയം, സോളാര്‍ പീഡന കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ ഗൂഢാലോചനയില്‍ കെ ബി ഗണേഷ് കുമാര്‍ എം.എല്‍.എ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. അടുത്തമാസം 18ന് ഹാജരാകാനാണ് കോടതി നിര്‍ദേശം.
സോളാര്‍ കേസിലെ പീഡനാരോപണ പരാതിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ഗൂഢാലോചനയിലൂടെ ഗണേഷ്കുമാറും പരാതിക്കാരിയും ചേര്‍ന്ന് എഴുതിച്ചേര്‍ത്തതാണെന്നാണ് ഹര്‍ജിയിലെ ആരോപണം. 2018 ലായിരുന്നു ഹര്‍ജി.
എന്നാല്‍ ഈ ഹരജിയിലെ നടപടികള്‍ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സമന്‍സ് അയയ്ക്കാനോ മറ്റ് നടപടികള്‍ക്കോ സാധിക്കാതിരുന്നത്. കഴിഞ്ഞ ദിവസം സ്റ്റേ നീങ്ങിയതോടെയാണ് ഹര്‍ജി വീണ്ടും പരിഗണിച്ച കൊട്ടാരക്കര കോടതി ഗണേഷ് കുമാറിനോട് നേരിട്ട് ഹാജരാകണം എന്നാവശ്യപ്പെട്ടിരിക്കുന്നത്.