യുണീക് വേൾഡ് റോബോട്ടിക്സിൽ നിന്നുള്ള ടീം യു.ഡബ്ള്യു.ആർ സ്റ്റാർലിങ്ക് ‘ഫസ്റ്റ് ലെഗോ ലീഗ് (എഫ്എൽഎൽ) യുഎഇ നാഷണൽസ് 2023’ ജേതാക്കളായി. മൂന്നു മേഖലകളിലായി പങ്കെടുത്ത 200ലധികം ടീമുകളിൽ നിന്നും പ്രശസ്തമായ ചാമ്പ്യൻസ് അവാർഡ് ഉൾപ്പെടെ യു.ഡബ്ള്യു.ആർ 7 പുരസ്കാരങ്ങൾ കരസ്ഥമാക്കി.
തുടർച്ചയായി രണ്ടാം തവണയാണ് യു.ഡബ്ള്യു.ആർ സ്റ്റാർലിങ്ക് ചാമ്പ്യൻസ് അവാർഡ് സ്വന്തമാക്കുന്നത്. ഈ വർഷം ഏപ്രിലിൽ അമേരിക്കയിലെ ഹൂസ്റ്റണിൽ 110ലധികം രാജ്യങ്ങൾ ഏറ്റുമുട്ടുന്ന ഫസ്റ്റ് (ഫോർ ഇൻഫർമേഷൻ ആന്റ് റെകഗ്നിഷൻ ഓഫ് സയൻസ് ആന്റ് ടെക്നോളജി)ചാമ്പ്യൻഷിപ്പിൽ യുഎഇയെ ഔദ്യോഗികമായി പ്രതിനിധീകരിച്ച് യു.ഡബ്ള്യു.ആർ സ്റ്റാർലിങ്ക് പങ്കെടുക്കും.നാസ, അമേരിക്കൻ പ്രതിരോധ വകുപ്പ്, ഗൂഗിൾ, ആപ്പിൾ, ബോയിംഗ്, ഫോർഡ്, ബിഎഇ സിസ്റ്റംസ്, വാൾട്ട് ഡിസ്നി എഞ്ചിനീയറിംഗ്, റോക്ക്വെൽ ഓട്ടോമേഷൻ തുടങ്ങിയ ലോകോത്തര സ്ഥാപനങ്ങളാണ് ഈ രാജ്യാന്തര പ്രോഗ്രാം സ്പോൺസർ ചെയ്യുന്നത്. കഴിഞ്ഞ വർഷം ബ്രസീലിൽ നടന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ യു.ഡബ്ള്യു.ആർ സ്റ്റാർലിങ്ക് എഞ്ചിനീയറിംഗ് എക്സലൻസ് അവാർഡ് നേടി ലോകത്തിലെ ഏറ്റവും മികച്ച റോബോട്ടിക് ടീമുകളിലൊന്നായി സ്ഥാനമുറപ്പിച്ചിരുന്നു. ഈ വർഷത്തെ തീം ‘സൂപർ പവേഡ്’ എന്നാണ്.
‘എഫ്എൽഎൽ യുഎഇ നാഷണൽസ് ചാമ്പ്യൻസ് അവാർഡ് തുടർച്ചയായി രണ്ടാം വർഷവും നേടാനായതിന്റെ ആവേശത്തിലാണ് ടീം . ഞങ്ങളുടെ ടീം കഴിഞ്ഞ കുറെ മാസങ്ങളായി വിശ്രമമില്ലാതെ പ്രവർത്തിക്കുകയായിരുന്നു. അന്താരാഷ്ട്ര തലത്തിൽ യുഎഇയെ പ്രതിനിധീകരിക്കാനാകുന്നതിൽ സന്തോഷമുണ്ട്. ഞങ്ങളുടെ ഇന്നൊവേറ്റീവ് സൊല്യൂഷനുകൾ പ്രദർശിപ്പിക്കാനും ലോകമെമ്പാടുമുള്ള ടീമുകൾക്കെതിരെ മത്സരിക്കാനും വേണ്ടി കാത്തിരിക്കുകയാണെന്ന്’ യുണീക് വേൾഡ് റോബോട്ടിക്സ് സിഇഒ ബൻസൻ തോമസ് ജോർജ് പറഞ്ഞു.
ഫസ്റ്റ് ലെഗോ ലീഗ്, ഫസ്റ്റ് ടെക് ചാലഞ്ച്, ഫസ്റ്റ് റോബോട്ടിക്സ് മൽസരം തുടങ്ങിയ പ്രോഗ്രാമുകളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് 200ലധികം പാർട്ണർ കോളജുകളിൽ നിന്നും യൂണിവേഴ്സിറ്റികളിൽ നിന്നും 80 മില്യൻ ഡോളറിലധികം സ്കോളർഷിപ്പുകൾ ഫസ്റ്റ് വാഗ്ദാനം ചെയ്യുന്നു. സ്റ്റെമ്മിൽ (സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (സ്റ്റെം) മികവ് തെളിയിച്ച വിദ്യാർത്ഥികളെ തിരിച്ചറിയാനും പിന്തുണയ്ക്കാനും പ്രസ്തുത മേഖലകളിൽ കരിയർ തുടരാൻ അവരെ പ്രോത്സാഹിപ്പിക്കാനും ഈ പ്രോഗ്രാം ലക്ഷ്യമിടുന്നു. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി), യേൽ, ബോസ്റ്റൺ, സ്റ്റാൻഫോർഡ്, കാലിഫോർണിയ, ബെർക്ലി എന്നിവയുൾപ്പെടെ അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ചില സർവകലാശാലകളുമായി ഫസ്റ്റ് സ്കോളർഷിപ് പ്രോഗ്രാം പങ്കാളികളാണ്.
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫസ്റ്റ് കമ്യൂണിറ്റി കുട്ടികൾക്കായി സ്റ്റെം അധിഷ്ഠിത പ്രോഗ്രാമുകളും റോബോട്ടിക്സ് മൽസരങ്ങളും നടത്തുന്നു. കമ്യൂണിറ്റിയുടെ പ്രോഗ്രാമുകൾ വിദ്യാർത്ഥികളിൽ ക്രിയാത്മകമായ പ്രോബ്ളം സോൾവിംഗ്, ലീഡർഷിപ്, ആശയവിനിമയം എന്നിവ കൂടാതെ, ആത്മവിശ്വാസവും ലക്ഷ്യബോധവും വികസിപ്പിക്കുന്നു.
പ്രണവ് നക്കീരൻ (ഗ്രേഡ് 10, ഡിപിഎസ് ഷാർജ), നൈസ ഗൗർ (ഗ്രേഡ് 11/ഇയർ 12, ജെഇഎസ്എസ് അറേബ്യൻ റാഞ്ചസ്, ദുബായ്), നമൻ ഛുഗാനി (ഗ്രേഡ് 8, ഡിപിഎസ് ദുബായ്), മുഹമ്മദ് മിഫ്സൽ മഅ്റൂഫ് (ഗ്രേഡ് 10, ജെംസ് ന്യൂ മില്ലേനിയം സ്കൂൾ, അൽഖൈൽ, ദുബായ്), അർണവ് ഭാർഗവ (ഗ്രേഡ് 7, ജെംസ് മോഡേൺ അക്കാദമി), അർജുൻ പ്രതീഷ് (ഇയർ 10, റാഫ്ൾസ് ഇന്റർനാഷൽ അക്കാദമി, ദുബായ്), വൻശ് ഷാ (ഗ്രേഡ് 9, ഇന്ത്യൻ ഹൈസ്കൂൾ, ദുബായ്) എന്നിവരാണ് യു.ഡബ്ള്യു.ആർ സ്റ്റാർലിങ്ക് ടീമിലെ വിദ്യാർത്ഥികൾ.
മെന്റർ ബൻസൺ തോമസ് ജോർജ്, കോച്ചുമാരായ മുഹമ്മദ് മുഖ്താർ, അഹിലൻ സുന്ദരരാജ്, അഹ്മദ് ഷമീം, അലി ശൈഖ് എന്നിവരാണ് ഇവർക്ക് പഠന പരിശീലനം നൽകിയത്.