ഖത്തര്‍ ലോകകപ്പില്‍ യുഎസ്എയ്ക്കെതിരെ സമനില പിടിച്ച് വെയ്ല്‍സ്. ഗ്രൂപ്പ് ബിയിലെ ആവേശപ്പോരാട്ടത്തില്‍ ഓരോ ഗോളുകള്‍ നേടിയാണ് ഇരു ടീമുകളും പിരിഞ്ഞത്. ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങിയ വെയ്ല്‍സ് അവസാന പത്ത് മിനിട്ടിനുള്ളില്‍ നേടിയ ഗോളിലൂടെയാണ് യുഎസ്എയെ സമനിലിയില്‍ തളച്ചത്.
36ാം മിനിട്ടില്‍ തിമോത്തി വിയയാണ് യുഎസിനെ മുന്നിലെത്തിച്ചത്. 82ാം മിനിട്ടില്‍ ഗാരത് ബെയ്ലാണ് വെയ്ല്‍സിന് സമനില ഗോള്‍ സമ്മാനിച്ചത്. സര്‍ജന്റും പുലിസിച്ചും ചേര്‍ന്നുള്ള മുന്നേറ്റത്തില്‍ നിന്നാണ് യുഎസ്എ ലീഡ് നേടിയത്. സര്ജന്റില് നിന്ന് പന്ത് സ്വീകരിച്ച് കുതിച്ച പുലിസിച്ച് ബോക്സില്‍ വിയയ്ക്ക് പാസ് കൈമാറി. വിയയാണ് വെയ്ല്‍സ് ഗോള്‍ കീപ്പറെ മറികടന്ന് ഗോള്‍ കണ്ടെത്തിയത്.
രണ്ടാം പകുതിയിൽ മികച്ച ഒത്തിണക്കത്തോടെ കളിച്ച വെയ്ല്‍സിന് 82ാം മിനിട്ടില്‍ സമനില ഗോള്‍ കണ്ടെത്താനായി. പെനാല്‍റ്റിയിലൂടെയായിരുന്നു ഗോള്‍.