യുഎസിൽ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്ക് നിരോധിക്കുന്നതിനുള്ള ഉഭയകക്ഷി നിയമം അവതരിപ്പിച്ചു. യുഎസ് സെനറ്റർ മാർക്കോ റൂബിയോയാണ് ബില്ല് അവതരിപ്പിച്ചത്. ദേശീയ സുരക്ഷാ ഭീഷണി നിലനിൽക്കുന്നുവെന്ന് കണക്കാക്കിയാണ് ടിക് ടോകിനെതിരെയുള്ള ബില്ല്. ചൈനീസ് ടെക് ഭീമനായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോകിനേതിരെ യുഎസിലെ ഏറ്റവും പുതിയ നീക്കമാണ് ഈ ഉഭയകക്ഷി ബിൽ.
എന്നാൽ ടിക് ടോക് ഉയർത്തുന്ന ഭീഷണിയിൽ നിന്ന് അമേരിക്കൻ ഉപയോക്താക്കളെ സംരക്ഷിക്കാൻ ഗവൺമെന്റ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സെനറ്റർ റൂബിയോ ആരോപിച്ചു. ഫീഡുകളിൽ കൃത്രിമം കാണിക്കാനും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും ഈ ആപ്പിനെ ഉപയോഗിക്കുന്നുണ്ടെന്നും റൂബിയോ പറഞ്ഞു. ഒരു സിസിപി കമ്പനിയുമായി അർത്ഥശൂന്യമായ ചർച്ചകൾ നടത്തി പാഴാക്കാൻ ഇനി സമയമില്ല. ബെയ്ജിംഗിന്റെ നിയന്ത്രണത്തിലുള്ള ടിക് ടോക്ക് നിരോധിക്കേണ്ട സമയമാണിതെന്നും റൂബിയോ കൂട്ടിച്ചേർത്തു.
ടിക് ടോക്കിന്റെ മാതൃ കമ്പനി ഉപയോക്താക്കളുടെ ഡാറ്റ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സമർപ്പിക്കണമെന്നാണ് ചൈനീസ് നിയമം. ഇത് മറ്റ് രാജ്യങ്ങൾക്ക് വലിയ സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ടെന്നും റൂബിയോ ആരോപിച്ചു. ഉപയോക്താക്കളെ സ്വാധീനിക്കുക, നിയന്ത്രിക്കുക എന്നിവയ്ക്കും ചൈന ആപ്പ് ഉപയോഗിക്കുമെന്ന് കഴിഞ്ഞ മാസം എഫ്ബിഐ മേധാവി ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേസമയം പല യുഎസ് സംസ്ഥാനങ്ങളും സർക്കാർ ഉപകരണങ്ങളിൽ നിന്ന് ടിക് ടോക് നിരോധിച്ചിട്ടുണ്ട്.