ആഭ്യന്തര വിസ പുനർനിർണയത്തിനൊരുങ്ങി യു എസ്. ചില വിഭാഗങ്ങളിലെ വിസകൾക്കാൻ പുനർനിർണയം നടത്തുന്നത്. എച്ച്വൺ ബി, എൽ വൺ വിസകളിൽ യു എസിലെത്തുന്ന ആയിരക്കണക്കിന് ടെക് ജീവനക്കാർക്ക് അനുകൂലമാകുന്ന തീരുമാനമാണെന്നാണ് സൂചന. കൂടാതെ ആയിരക്കണക്കിന് വരുന്ന ഇന്ത്യൻ ടെക്കികൾക്കും ഈ നടപടി ആശ്വാസമാകും.
എച്ച് വൺ ബി വിസ പോലുള്ള കുടിയേറ്റ ഇതര വിസകൾ 2004 വരെ യു എസിനുള്ളിൽ തന്നെ പുതുക്കുകയും സ്റ്റാമ്പ് ചെയ്യാനുമുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതിനു ശേഷം ഈ വിസകൾ പുതുക്കുന്നതിനായി, പ്രത്യേകിച്ച് എച്ച്വൺ ബി വിസയിലുള്ളവർ സ്വന്തം രാജ്യങ്ങളിലേക്ക് പോകണമെന്ന നിയമം പ്രാബല്യത്തിൽ വന്നിരുന്നു.
അതേസമയം എല്ലാ എച്ച് വൺ ബി വിസ ഉടമകളും അവരുടെ വിസ പുതുക്കുമ്പോൾ പാസ്പോർട്ടുകൾ പുതുക്കൽ തീയതികൾ ഉപയോഗിച്ച് സ്റ്റാമ്പ് ചെയ്യണമെന്ന നിബന്ധനയും ഉണ്ടായിരുന്നു. കൂടാതെ ഏതെങ്കിലും ഒരു യു എസ് കോൺസുലേറ്റ് വഴി മാത്രമേ റീസ്റ്റാമ്പിംഗ് നടത്താൻ കഴിയുകയുള്ളൂ.
എന്നാൽ ഇത് വിദേശ തൊഴിലാളികൾക്ക് വളരെയധികം അസൗകര്യമുണ്ടാക്കുന്ന തീരുമാനമാണ്. ഇവർക്ക് വിസ വീണ്ടും ലഭിക്കുന്നതിനായി 800ദിവസത്തിൽ കൂടുതൽ കാത്തിരിക്കേണ്ടി വരും. ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള എച്ച് വൺ ബി വിസ മൂന്നുവർഷത്തേക്ക് മാത്രമായാണ് നൽകുന്നത്. ഇന്ത്യ,ചൈന രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ എച്ച് വൺ ബി വിസയിൽ യു എസിൽ ജോലിക്കായി എത്തുന്നത്.