യുഎസിലെ മോണ്ടാനയിൽ ചൈനീസ് ചാരബലൂൺ വീണ്ടും കണ്ടെത്തിയതായി അധികൃതർ. സൗത്ത് കരോലിന തീരത്ത് വച്ച് യുഎസ് സൈനിക യുദ്ധവിമാനം ചൈനീസ് ചാര ബലൂൺ വെടിവെച്ചു വീഴ്ത്തി. പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകിയതിനെ തുടർന്ന് ശനിയാഴ്ച്ച ഉച്ചക്ക് ബലൂൺ തകർക്കുകയായിരുന്നു.
ഏതാനും ദിവസങ്ങളായി യുഎസിന്റെ വടക്കൻ മേഖലയ്ക്കു മുകളിൽ ദുരൂഹസാഹചര്യത്തിൽ നീങ്ങുന്ന ചൈനീസ് ചാര ബലൂൺ നിരീക്ഷണത്തിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട യുഎസ് പ്രസിഡന്റ് ബലൂൺ വെടിവച്ചിടുന്നത് ഉൾപ്പെടെയുള്ള സാധ്യതകളെക്കുറിച്ച് പ്രതിരോധ വിഭാഗവുമായി ചർച്ച നടത്തി. ബലൂൺ വെടിവച്ചിട്ടാൽ അവശിഷ്ടങ്ങൾ പതിച്ച് അപകടം ഉണ്ടാകാൻ സാധ്യതയുള്ളതായി പ്രതിരോധ വിഭാഗം പ്രസിഡന്റിനെ അറിയിച്ചിരുന്നു.
പിന്നീട് പ്രസിഡൻ്റിൻ്റെ അനുമതി ലഭിച്ചതിനെ തുടർന്ന് ശനിയാഴ്ച ഉച്ചക്കാണ് ബലൂൺ തകർത്തത്. കടലിൽ വീണ ബലൂൺ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് പരിശോധന നടത്തും. വരും ദിവസങ്ങളിൽ ചൈനീസ് നിരീക്ഷണ ഉപകരണങ്ങളുടെ ഘടകങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്ക് ഇത് സഹായകമാകുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ വഴിതെറ്റിയാണ് ബലൂൺ യുഎസിൽ എത്തിയതെന്നാണ് ചൈന അവകാശവാദമുയർത്തുന്നത്.