2022 ൽ ഇന്ത്യയിൽ ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനങ്ങൾ വർധിച്ചതായി യുഎസ് വാർഷിക റിപ്പോർട്ടിൽ പരാമർശം. നിയമവിരുദ്ധവും ഏകപക്ഷീയവുമായ കൊലപാതകങ്ങൾ, പോലീസിന്റെ ക്രൂരതകൾ, മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കുക, മതപരവും വംശീയവുമായ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ എന്നിങ്ങനെയുള്ള അതിക്രമങ്ങൾ ഇന്ത്യയിൽ വർധിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് പരാമർശം.അന്യായമായ അറസ്റ്റ്, തടങ്കൽ, വർധിച്ചുവരുന്ന രാഷ്ട്രീയ തടവുകാർ, സ്വകാര്യതയിലേക്കുള്ള നിയമവിരുദ്ധമായ ഇടപെടൽ, ആക്രമ ഭീഷണി, ആവിഷ്കാര സ്വാതന്ത്ര്യത്തിനും മാധ്യമങ്ങൾക്കും മേലുള്ള നിയന്ത്രണങ്ങൾ, മാധ്യമപ്രവർത്തകരുടെ അന്യായമായ അറസ്റ്റുകൾ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
ഇൻറർനെറ്റ് സ്വാതന്ത്ര്യത്തിന് മേൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ, സമാധാനപരമായി ഒത്തുകൂടാനുള്ള സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം, ഇന്ത്യയിലെ ഗുരുതരമായ അവകാശ ലംഘനങ്ങളിൽ ആഭ്യന്തര, അന്തർദേശീയ മനുഷ്യാവകാശ സംഘടനകളെ ഉപദ്രവിക്കുക എന്നിവയും യുഎസ് പുറത്ത് വിട്ട റിപ്പോർട്ടിൽ ഉൾപ്പെടുന്നു. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ സംബന്ധിച്ചും റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്. അതേസമയം നേരത്തേയും യുഎസ് സമാനമായ റിപ്പോർട്ടുകൾ പുറത്ത് വിട്ടിരുന്നു. എന്നാൽ അതെല്ലാം ഇന്ത്യ തള്ളിക്കളയുകയാണ് ചെയ്തിട്ടുള്ളത്. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ഇന്ത്യയിൽ സ്ഥാപിതമായ ജനാധിപത്യ സമ്പ്രദായങ്ങളും ശക്തമായ സ്ഥാപനങ്ങളുമുണ്ടെന്ന് കേന്ദ്ര സർക്കാർ പ്രതികരിച്ചു